
ആലുവ: കടുങ്ങല്ലൂർ, ആലങ്ങാട് ഗ്രാമപഞ്ചായത്തുകളിലെ പ്രധാന ജല സ്രോതസായ ഓഞ്ഞിത്തോട് നവീകരിക്കണമെങ്കിൽ തോടിന് കുറുകെയുള്ള പണിത നാല് പാലങ്ങൾ പൊളിക്കണം. സമീപകാലങ്ങളിൽ നിർമ്മിച്ചവ ഉൾപ്പെടെ ഇതിലുണ്ട്. ഇതിൽ കടുങ്ങല്ലൂർ പഞ്ചായത്തിലെ ഏലൂക്കര - കയന്റിക്കര പാലം മാത്രമാണ് ഇപ്പോൾ പൊളിച്ച് പണിയാൻ നടപടിയായിട്ടുള്ളത്. അതിനാൽ ഓഞ്ഞിത്തോടിന്റെ പൂർണതോതിലുള്ള നവീകരണം ഇനിയും വൈകും.
പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയിൽപ്പെടുത്തി ഏലൂക്കര - കയന്റിക്കര പാലം പൊളിച്ച് പണിയുന്നതിന് ഹൈബി ഈഡൻ എം.പിയാണ് ഫണ്ട് നൽകുമെന്ന് അറിയിച്ചിട്ടുത്. നാലു പാലങ്ങളും പൊളിച്ച് പുനർനിർമ്മിക്കാൻ ഫണ്ട് ലഭിച്ചാലെ ഓഞ്ഞിത്തോടിലൂടെ വെള്ളം ശരിയായി ഒഴുകൂ.
പി.എം.ജി.എസ്.വൈ പദ്ധതിയിൽപ്പെടുത്തി എം.പിയോ ഇറിഗേഷൻ - പി.ഡബ്ളിയു.ഡി വകുപ്പുകൾ മുഖേന സംസ്ഥാന സർക്കാരോ ഫണ്ട് അനുവദിക്കണം.
തോട്ടിലെ മാലിന്യം നീക്കുന്നതിന് സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം ചെയ്താലും പാലങ്ങൾ പൊളിച്ചുപണിതാലേ തോട്ടിലൂടെ വെള്ളമൊഴുകുകയുള്ളൂ.
കൈയേറ്റവും മാലിന്യ നിക്ഷേപവും
പെരിയാറിൽ ഏലൂക്കരയിൽ നിന്നാരംഭിച്ച് കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലൂടെ ഒഴുകി പെരിയാറിൽതന്നെ ചേരുന്ന കൈവഴിയാണ് ഓഞ്ഞിത്തോട്. പുഴപോലെ വീതിയുണ്ടായിരുന്നു. ആദ്യകാലത്ത് ജലഗതാഗതമെല്ലാം നടത്തിയിരുന്നു. കാർഷികാവശ്യത്തിന് വെള്ളവും ലഭിച്ചിരുന്നു. നിലവിൽ മാലിന്യം നിറഞ്ഞും കൈയേറിയും ഓഞ്ഞിത്തോടിലെ ജലമൊഴുക്ക് നിലച്ചു. പലവട്ടം സർക്കാർ പണം മുടക്കിയെങ്കിലും ഫലമുണ്ടായില്ല. സമീപത്തെ കിണറുകളിലേക്ക് മാലിന്യം ഉറവായി എത്താൻതുടങ്ങിയതോടെ ഓഞ്ഞിത്തോട് സംരക്ഷണ സമിതി കോടതിയെ സമീപിച്ചാണ് നടപടിയെടുപ്പിച്ചത്.
നാലു പാലങ്ങൾ
ഏലൂക്കര പാലം
കടുങ്ങല്ലൂർ പഞ്ചായത്തിലെ കീരംപിള്ളി പാലം
ആലങ്ങാട് പഞ്ചായത്തിലെ മത്താശ്ശേരി പാലവും കലുങ്കും
കാരിപ്പുഴ പാലം എന്നിവയും
നിലവിൽ ഏലൂക്കര കയന്റിക്കര പാലം മാത്രമാണ് പൊളിച്ചുപണിയുന്നതിന് ഫണ്ട് ഉറപ്പാക്കിയിരിക്കുന്നത്.
മറ്റ് പാലങ്ങൾക്കായി സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കണം. ഇതിനായുള്ള ശ്രമം തുടരും.
സുരേഷ് മുട്ടത്തിൽ
പ്രസിഡന്റ് ,
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
ഓഞ്ഞിത്തോടിന്റെ നവീകരണത്തിന് തടസമായ നാല് പാലങ്ങളും അടിയന്തരമായി പുനർ നിർമ്മിക്കണം. ഏലൂക്കര, കീരംപിള്ളി പാലങ്ങൾ ഒന്നാം റീച്ചിൽപ്പെടുത്തി പുനർനിർമ്മിച്ചാൽ ജലമെട്രോയുടെ സർവീസ് ആരംഭിക്കാൻ കഴിയും. രണ്ടാം റീച്ചിൽ മറ്റ് രണ്ട് പാലങ്ങളും ഉൾപ്പെടുത്തണം.
ഡോ. കെ.എസ്. പ്രകാശ്
കൺവീനർ,
ഓഞ്ഞിത്തോട് സംരക്ഷണ ജനകീയ സമിതി.