പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീരാമ ഭജനമഠത്തിന്റെ അലങ്കാര ഗോപുര സമർപ്പണാഘോഷങ്ങളുടെ ഭാഗമായി പഞ്ചവാദ്യ മാമാങ്കം അരങ്ങേറി. ഭജനമഠത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പഞ്ചവാദ്യം അരങ്ങേറുന്നത്. പല്ലാവൂർ മണിയൻ മാരാരുടെ പ്രധാന ശിഷ്യനായ അയിലൂർ അനന്തൻ നാരായണ ശർമ്മയും സംഘവുമാണ് പഞ്ചവാദ്യം അവതരിപ്പിച്ചത്. ചെർപ്പുളശ്ശേരി ശിവന്റെ ശിഷ്യൻ സദനം ഭരതരാജൻ, മച്ചാട് രാമചന്ദ്രൻ, പറക്കാട്ട് ബാബു, തിരുവില്വാമല ഹരി എന്നിവരുടെ സാന്നിദ്ധ്യം പഞ്ചവാദ്യത്തെ സമ്പുഷ്ടമാക്കി.

രണ്ടര മണിക്കൂർ നീണ്ടുപോയ പഞ്ചവാദ്യം വൈകിട്ട് ഏഴ് മണിയോടെയാണ് പര്യവസാനിച്ചത്. ഇടകാലം മുതൽ ത്രിപുട വരെയുള്ള ഭാഗങ്ങൾ പഞ്ചവാദ്യ ആസ്വാദകർക്ക് പുത്തൻ അനുഭവമായി തന്നെ മാറി.