കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള 14 ഡിവിഷനിലേക്കുള്ള സംവരണ വാർഡ് തിരഞ്ഞെടുപ്പുകൾ അശാസ്ത്രീയമാണെന്ന് പരാതി. സാധാരണ നിലവിലുള്ള സംവരണ വാർഡുകൾ വീണ്ടും സംവരണ വാർഡുകളായി മാറിയത് കൂവപ്പടി ബ്ലോക്കിലെ സെക്രട്ടറിയുടെ റിപ്പോർട്ടിലുള്ള അപാകതകൾ മൂലമാണെന്ന് കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ പറയുന്നു.
നിലവിലുണ്ടായിരുന്ന കൂവപ്പടി ബ്ലോക്ക് ഡിവിഷനും മുടക്കുഴ ബ്ലോക്ക് ഡിവിഷനും കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്നു. അതിർത്തി വിഭജനം വന്നപ്പോഴും നിലവിലുള്ള വാർഡുകൾ ഭൂരിപക്ഷവും അതേ ഡിവിഷനുകളിൽ നിലനിന്നു. വീടുകളുടെയും ജനസംഖ്യയുടെയും എണ്ണത്തിൽ വലിയ മാറ്റം ഡിവിഷനുകളിൽ വന്നിട്ടില്ല. പക്ഷേ, തെറ്റായ റിപ്പോർട്ടുകളാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കളക്ടറേറ്റ് തിരഞ്ഞെടുപ്പ് വിഭാഗത്തിലേക്ക് നൽകിയത് എന്നാണ് പരാതി. അതിനാൽ ഡിവിഷനുകൾ ജനറൽ ആകേണ്ടതായിരുന്നു എന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.
വനിതാ സംവരണ വാർഡുകൾ കൂടുതൽ വരേണ്ടത് നറുക്കെടുപ്പിലൂടെയാണ്. ഇത്തവണ നറുക്കെടുപ്പിന്റെ ആവശ്യം വന്നില്ല. അതിനു കാരണം ജനസംഖ്യ, വീടുകളുടെ എണ്ണം എന്നിവ സംബന്ധിച്ച് ബ്ലോക്ക് സെക്രട്ടറിയുടെ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥരും പറയുന്നു.
സംവരണ വാർഡുകൾ വീണ്ടും നറുക്കെടുത്ത് പരാതികൾ പരിഹരിക്കണമെന്ന് ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി പി.പി. അവറാച്ചനും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ബേബി തോപ്പിലാനും കളക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു