rd

പെരുമ്പാവൂർ: സ്‌കൂൾ കലോത്സവം നടക്കുന്ന വെങ്ങോല ശാലോം സ്‌കൂളിൽ എത്തിച്ചേരാനുള്ള ഏക മാർഗമായ ഓണംകുളം -ഊട്ടിമറ്റം പി.ഡബ്ല്യു.ഡി റോഡ് തകർന്നു കിടക്കുന്നതിനാൽ കലോത്സവ സ്ഥലത്തേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടാകും. 30 വർഷത്തിലേറെയായി റോഡിന്റെ റീടാറിംഗ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ റോഡിൽ നടത്തിയിട്ട്. റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ട് കാൽനടയ്ക്ക് പോലും കഴിയാതെ വന്നതിനാൽ ബസ് സർവീസുകളും നിറുത്തിവച്ചിരിക്കുകയാണ്. 80 ഓളം സ്‌കൂളുകളിൽനിന്നായി 6,000ത്തോളം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ കലോത്സവത്തിന് എത്തിച്ചേരും. ഇന്ന് മുതൽ 25 വരെയാണ് കലോത്സവം.

നിർമ്മാണം പാതിവഴിയിൽ നിലച്ചു
റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ വരെ ജനങ്ങൾ നിരവധി നിവേദനങ്ങളും സമരങ്ങളും നടത്തിയിട്ടുണ്ട്. മുൻ പഞ്ചായത്ത് അംഗം ശിവൻ കദളി മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പരാതിയും നൽകിയിരുന്നു. നിരവധി സമരങ്ങൾ നടത്തിയതിനെത്തുടർന്ന് റോഡ് റണ്ണിംഗ് കോൺട്രാക്ട് വ്യവസ്ഥയിൽ നവീകരണം നടത്തുന്നതിന് ഒന്നേകാൽ കോടിയോളം രൂപ അനുവദിക്കുകയും റോഡിന്റെ ചില ഭാഗങ്ങളിൽ കോൺക്രീറ്റ് കട്ടകൾ വിരിച്ചു തുടങ്ങിയിരുന്നു. എന്നാൽ, നവകേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതിനായി ഏഴ് കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനം ഉണ്ടായതോടെ കട്ടവിരിക്കൽ പണി നിറുത്തിവച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും ഏഴ് കോടിയുടെ പദ്ധതി ആരംഭിച്ചിട്ടില്ല. നടന്നുകൊണ്ടിരുന്ന പ്രവൃത്തികൾ നിറുത്തുകയും പുതിയ പദ്ധതി ആരംഭിക്കാതിരിക്കുകയും ചെയ്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.

ടെൻഡർ നടപടി ഇഴയുന്നു
ഏഴ് കോടിയുടെ പദ്ധതിക്ക് ടെൻഡർ നടപടികൾ പോലും നടത്തിയിട്ടില്ലെന്നാണ് അറിഞ്ഞതെന്ന് മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൂടിയായ ശിവൻ കദളി പറഞ്ഞു. ഏഴ് കോടി അനുവദിച്ചതും ഭരണപ്രതിപക്ഷ പാർട്ടികൾ ബോർഡുകൾ മത്സരിച്ച് വച്ചതൊഴിച്ചാൽ മറ്റൊന്നും ഉണ്ടായില്ല. ടെൻഡർ നടപടികൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് ഉണ്ടായില്ലെങ്കിൽ കൂടുതൽ കാലതാമസത്തിന് ഇടയാകും.

വെങ്ങോല സർക്കാർ ആശുപത്രി, മൃഗാശുപത്രി, വെങ്ങോല സ്‌കൂൾ എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡാണിത്. നിരവധി ബസ്സുകൾ ഈ റോഡിലൂടെ സർവീസ് നടത്തുന്നുണ്ട്. റോഡ് നവീകരണത്തിൽ അധികൃതർ അനാസ്ഥ കാണിക്കുന്നു. അവഗണന തുടർന്നാൽ നിറുത്തിവച്ച സമരപരിപാടികൾ പുനഃരാരംഭിക്കും
ശിവൻ കദളി