കോതമംഗലം: ചേലാട് അന്താരാഷ്ട്ര സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ നിർമ്മാണം വൈകുന്നതിനെതിരെ മുൻ മന്ത്രി ടി.യു.കുരുവിള. താൻ എം.എൽ.എ.ആയിരിക്കുമ്പോൾ കൊണ്ടുവന്ന ഈ പദ്ധതിയുടെ നിർമ്മാണപ്രവർത്തനം പത്ത് വർഷത്തോളമായി മുടങ്ങികിടക്കുകയാണ്. ആറ് കോടി രൂപയോളം മുടക്കി സംരക്ഷണഭിത്തി നിർമ്മാണവും ഭൂമി നിരപ്പാക്കലും നടത്തിയിരുന്നു. പിന്നീട് സിന്തറ്റിക് ട്രാക്ക് ഉൾപ്പടെയുള്ളവയുടെ നിർമ്മാണത്തിന് നാലര കോടി രൂപയും അനുവദിച്ചതാണ്. പദ്ധതി പൂർത്തീകരിച്ചിരുന്നെങ്കിൽ അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരങ്ങളടക്കം നടത്താൻ കഴിയുമായിരുന്നു. കൊച്ചിയിലെ സ്റ്റേഡിയത്തേക്കാളും അനുകൂല സാഹചര്യം ഇവിടെയുണ്ട്. സ്റ്റേഡിയത്തിന്റെ നിർമ്മാണം വൈകുന്നതിന്റെ കാരണം സർക്കാർ വ്യക്തമാക്കണമെന്നും ടി.യു.കുരുവിള ആവശ്യപ്പെട്ടു.