കളമശേരി: സീപോർട്ട് - എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ട നിർമ്മാണത്തിനായി എച്ച്.എം.ടിയുടേയും എൻ.എ.ഡിയുടേയും ഭൂമിപദ്ധതി നിർവഹണ ഏജൻസിയായ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷന് കൈമാറി. 1.4015 ഹെക്ടർ ഭൂമിയാണ് കൈമാറിയത്. ഭൂമി ഏറ്റെടുക്കലിനായി 37,90,90662 രൂപ കൈമാറി. എൻ.എ.ഡിയിൽനിന്ന് വിട്ടുകിട്ടേണ്ട 2 .4967ഹെക്ടർഭൂമിയും കൈമാറി.
ഭൂമി വിലയുൾപ്പെടെ 32.26കോടിരൂപ സംസ്ഥാന സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. സ്ഥലവിലയായി കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11കോടിരൂപയും എൻ.എ.ഡി തൊരപ്പ് റോഡ് വീതികൂട്ടി നിർമ്മിക്കുന്നതിന് 8.16കോടിരൂപയും ചുറ്റുമതിൽ നിർമ്മാണത്തിന് 99.43 ലക്ഷം രൂപയും ഉൾപ്പെടെയാണ് ധനകാര്യവകുപ്പ് അനുവദിച്ചിരുന്നത്.
എച്ച് എം.ടി ഭാഗത്ത് 45മീറ്റർ വീതിയിൽ 600മീറ്റർ നീളത്തിലാണ് റോഡ് നിർമ്മിക്കുക.
എൻ.എ.ഡി-മഹിളാലയം ഭാഗത്തിന്റെ ടെൻഡർ ഡിസംബറിൽ പുറപ്പെടുവിക്കും. 6.5 കി.മീറ്റർ ദൈർഘ്യമുള്ള ഈ ഭാഗത്തിന്റെ ഭൂമി ഏറ്റെടുക്കൽ പൂർത്തീകരണത്തിലേക്ക് എത്തുകയാണ്.
ഇരുമ്പനം മുതൽ നെടുമ്പാശേരിവരെ 25.7 കിലോമീറ്റർ ദൈർഘ്യമുള്ള സീപോർട്ട്-എയർപോർട്ട് റോഡ് പദ്ധതി കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതും കൊച്ചി വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്താൻ സൗകര്യമൊരുക്കുന്നതുമായ പാതയാണ്.