
പറവൂർ: കെ.എസ്.ആർ.ടി.സി രണ്ട് പുതിയ സർവീസുകൾ തുടങ്ങി. പറവൂരിൽ നിന്ന് കരിങ്ങാംതുരുത്തിലേക്ക് രാവിലെ 10.15നും വൈകിട്ട് 4.10നും കരിങ്ങാംതുരുത്തിൽ നിന്ന് പറവൂർ വഴി ചാത്തനാടേക്ക് രാവിലെ 10.45നും വൈകിട്ട് 4.45നുമാണ് ഒരു സർവീസ്. രാവിലെ 6.40ന് ഗോതുരുത്തിൽ നിന്ന് പറവൂർ, കൂനമ്മാവ്, കൊങ്ങോർപ്പിള്ളി, പാനായിക്കുളം, ഇടയാർ, പാതാളം വഴി കളമശേരി മെഡിക്കൽ കോളേജിലേക്കും വൈകിട്ട് 5.05ന് കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് പാതാളം, ഇടയാർ, പാനായിക്കുളം, കൂനമ്മാവ് വഴി പറവൂരിലേക്കുമാണ് മറ്റൊരു സർവീസ്. പുതിയ ബസ് സർവീസിന്റെ ഫ്ളാഗ് ഓഫ് കരിങ്ങാംതുരുത്ത് കവലയിൽ മന്ത്രി പി. രാജീവ് നിർവഹിച്ചു. ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, എം.കെ. ബാബു തുടങ്ങിയവർ പങ്കെടുത്തു.