കൊച്ചി: സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ കാഴ്ചപ്പാടിന്റെ അതേ പാതയിലാണ് കൊച്ചി കോർപ്പറേഷൻ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം മനസിലാക്കാൻ കൊച്ചിയിൽ നടപ്പാക്കിയ പദ്ധതികൾ കണ്ണോടിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. മറൈൻ ഡ്രൈവിൽ കോർപ്പറേഷന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സമൃദ്ധി, ഷീ ലോഡ്ജ്, മഹാകവി ജി. സ്മാരകം, എറണാകുളം മാർക്കറ്റ് നവീകരണം, നഗരത്തിലെ പൊതു ഇടങ്ങളുടെ നവീകരണം, തുരുത്തി ഇരട്ട ഫ്‌ളാറ്റ് സമുച്ചയം, പി ആൻഡ് ടി നിവാസികളുടെ പുനരധിവാസം, ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള വെള്ളക്കെട്ട് നിവാരണം തുടങ്ങി മാതൃകാപരമായ ഒട്ടേറെ പദ്ധതികളാണ് കോർപ്പറേഷൻ നടപ്പാക്കിയത്.
ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണം ഗൗരവമായി എടുത്തുള്ള പ്രവർത്തനങ്ങൾ ഫലം കണ്ടു. കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ബയോ മൈനിംഗ് പുരോഗതി രാജ്യശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. നഗരസഭയുടെ കാര്യക്ഷമമായ പ്രവർത്തനത്താലാണ് ഇതെല്ലാം സാദ്ധ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു
എറണാകുളം ജില്ലയിലെ ലൈഫ് പദ്ധതിയിൽ ജില്ലയിലെ 40,000ത്തോളം കുടുംബങ്ങൾക്ക് വീടും 14,000-ത്തോളം കുടുംബങ്ങൾക്ക് ഭൂമിയും ലഭ്യമാക്കാനായെന്നും അദ്ദേഹം പറഞ്ഞു
കോർപ്പറേഷൻ മന്ദിരത്തിന് സമീപം നടന്ന സമ്മേളനത്തിൽ മേയർ അഡ്വ.എം. അനിൽ കുമാർ അദ്ധ്യക്ഷനായി. വ്യവസായ മന്ത്രി പി. രാജീവ് മുഖ്യാതിഥിയായി. കെട്ടിടത്തിനായി സ്ഥലം ലഭ്യമാക്കിയ മുൻ മേയർ ദിനേശ് മണിയെ ആദരിച്ചു.
ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ.ജെ മാക്‌സി, ഉമ തോമസ്, കെ. ബാബു, കെ.എൻ. ഉണ്ണികൃഷ്ണൻ, ജി.സി.ഡി.എ അദ്ധ്യക്ഷൻ കെ. ചന്ദ്രൻ പിള്ള, മുൻ മേയർമാരായ ടോണി ചമ്മിണി, സൗമിനി ജെയിൻ, കെ.ജെ. സോഹൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.