u

ചോറ്റാനിക്കര: സ്വര മാധുര്യത്താൽ നാട്ടുകാരുടെ മനസിൽ നിറഞ്ഞു നിന്ന കാളുകുറുമ്പൻ എന്ന അന്ധഗായകൻ ഇനിയില്ല. ചോറ്റാനിക്കര പഞ്ചായത്തിലെ ആറാം വാർഡിൽ മലേപ്പറമ്പിൽ വയറോണിയുടെ മകൻ കാളുകുറുമ്പൻ (88) നിര്യാതനായി. കാഥികൻ സാംബശിവന്റെ വിപ്ലവഗാനങ്ങളും കൊയ്ത്ത് പാട്ടുകളും കാളുകുറുമ്പൻ ഈണത്തിൽ താളമിട്ട് പാടുമ്പോൾ ആരും കേട്ട് നിന്നു പോകുമായിരുന്നു.

തെക്കിനേത്ത് നിരപ്പിലെ ഒറ്റമുറി വീട്ടിൽ ദുരിത ജീവിതം നയിച്ചിരുന്ന കാളുകുറുമ്പനെ കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് സർക്കാരിന്റെ രേഖകളിൽ അജ്ഞാതനായിരുന്ന കാളുകുറുമ്പന് ആധാർ കാർഡ്, റേഷൻ കാർഡ്, വോട്ടർ ഐ.ഡി കാർഡ് എന്നിവ കളക്ടർ ഇടപെടലിനെ തുടർന്ന് ലഭിച്ചു.

രേഖകൾ അനുവദിച്ചുവെങ്കിലും പെൻഷൻ കിട്ടാൻ പിന്നെയും വൈകി. കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ ചോറ്റാനിക്കര പഞ്ചായത്ത് സെക്രട്ടറി പെൻഷൻ വീട്ടിലെത്തിച്ചു നൽകുകയായിരുന്നു.

സംസ്കാരം ഇന്ന് 11.30 ന് എരുവേലി ശാന്തിതീരം പൊതു ശ്മശാനത്തിൽ.