
പറവൂർ: മൂത്തകുന്നം പ്രൈവറ്റ് ഐ.ടി.ഐയിലെ വിദ്യാർത്ഥിയുടെ വിരൽ വർക്ക്ഷോപ്പിൽ പരിശീലനത്തിനിടെ വളഞ്ഞ ഇരുമ്പ് പൈപ്പിനുള്ളിൽ കുടുങ്ങി. ഒന്നാം വർഷ ഫിറ്റർ ട്രെഡ് വിദ്യാർത്ഥിയായ അഭിജിത്തിന്റെ നടുവിരലാണ് പൈപ്പിൽ കുടുങ്ങിയത്. വർക്ക്ഷോപ്പ് പരിശീലകർ പൈപ്പ് ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൂത്തകുന്നം ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ഊരിയോടുക്കാൻ പറ്റാതെവന്നപ്പോൾ പറവൂർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. സീനിയർ ഓഫീസർ ബേബിജോണിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളെത്തി പൈപ്പ് കട്ടർ, മിനി കട്ടർ എന്നിവ ഉപയോഗിച്ച് 40 മിനിറ്റെടുത്ത് സുരക്ഷിതമായി പൈപ്പ് മുറിച്ചുമാറ്റി വിരൽ പുറത്തെടുത്തു. രക്ഷാപ്രവർത്തനത്തിൽ സേനാംഗങ്ങളായ കെ.എസ്. രഞ്ജിത്ത്, പി.എസ്. ശ്രീജിത്ത്, റൗള ഷെറീഫ്, പി.എസ്. അക്ഷയ് എന്നിവർ പങ്കെടുത്തു.