25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കിഴക്കമ്പലം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി 20 സ്ഥാനാർത്ഥികൾ ഇന്നു മുതൽ പ്രചാരണത്തിനിറങ്ങും. 90 ശതമാനത്തിലേറെ സീറ്റിലും വനിതകളെ ഇറക്കിയാണ് ഇക്കുറിയും പോരാട്ടം.

കിഴക്കമ്പലം പഞ്ചായത്തിലെ 21 വാർഡിലും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകളിലും ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിലും അടക്കം 25 സ്ഥാനാർത്ഥികളെ ഇന്നലെ പ്രഖ്യാപിച്ചു. മാങ്ങ ചിഹ്നത്തിലാണ് മത്സരം.

കേരള ചരിത്രത്തിൽ ആദ്യമായാണ് രാഷ്ട്രപുനർനിർമ്മാണ പ്രക്രിയയ്‌ക്കായി ഇത്രയധികം വനിതാ പങ്കാളിത്തം ഒരു രാഷ്ടീയപ്പാർട്ടി ഉറപ്പാക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ്

സാബു എം. ജേക്കബ് പറഞ്ഞു.

തിരഞ്ഞെടുപ്പിന് ഏറെ മുമ്പേതന്നെ മതിലെഴുത്തും ഗൃഹസന്ദർശനവുമായി പ്രചാരണത്തിൽ പാർട്ടി സജീവമായിരുന്നു. അഞ്ചിലധികം തവണ ഗൃഹസമ്പർക്കം പൂർത്തിയാക്കി. പത്ത് വീടുകൾക്ക് ഒരാൾ എന്ന നിലയിൽ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. ജനറൽ വാർഡുകളായ കാരുകുളം, വിലങ്ങ്, കുന്നത്തുകുടി, ഊരക്കാട്, പഴങ്ങനാട് എന്നിവിടങ്ങളിൽ സ്ത്രീ സാന്നിദ്ധ്യം ഉറപ്പാക്കിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.

ഒന്നാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി പോസ്​റ്ററുകൾ, മതിലെഴുത്ത്, വോട്ട് അഭ്യർത്ഥനയുടെ വിതരണം, അനൗൺസ്‌മെന്റ് എന്നിവ പൂർത്തിയാക്കി.