കൊച്ചി: കോർപറേഷനിലെ 32-ാം ഡിവിഷൻ(ദേവൻകുളങ്ങര) സ്ത്രീ സംവരണമാക്കിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി. പഴയ 38-ാം ഡിവിഷന്റെ 82.59 ശതമാനവും ഉൾപ്പെടുത്തിയതാണ് പുതിയ 32-ാംഡിവിഷനെന്നും 2020ലെ തിരഞ്ഞെടുപ്പിൽ ഇവിടം വനിതാ സംവരണമായിരുന്നതിനാൽ ഇത്തവണ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് മുൻ കൗൺസിലർ കെ.എ. വിജയകുമാറാണ് ഹർജി നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം തേടിയ കോടതി, ഹർജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.

കഴിഞ്ഞതവണ സംവരണമായിരുന്നതിനാൽ ഇത്തവണ സംവരണവാർഡുകൾ കണ്ടെത്താനുള്ള നറുക്കെടുപ്പിൽനിന്ന് ഒഴിവാക്കണമായിരുന്നെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ കോർപറേഷൻ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം തദ്ദേശ സ്വയംഭരണ ഡയറക്ടർ 32-ാം ഡിവിഷനെ നറുക്കെടുപ്പിൽ ഉൾപ്പെടുത്തുകയായിരുന്നു. സംവരണതീരുമാനം റദ്ദാക്കി ഡിവിഷനെ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നും ഹർജി തീർപ്പാകുംവരെ സംവരണ നിർണയ നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ ആവശ്യം.