1
കളിസ്ഥലത്തിന്റെ രൂപരേഖ

പള്ളുരുത്തി: ഇടക്കൊച്ചി 16-ാം ഡിവിഷനിൽ നഗരസഭയുടെ ആസ്തിയിലുള്ള മൂന്നേക്കറോളം സ്ഥലത്ത് പൊതു കളിസ്ഥലമൊരുങ്ങുന്നു. നഗരസഭയുടെ കീഴിൽ പൂർത്തീകരിച്ച് കൊണ്ടിരിക്കുന്ന മലിനജല സംസ്കരണ പ്ലാന്റിന് സമീപമാണ് കളിസ്ഥലം നിർമ്മാണം തുടങ്ങുന്നത്. നിർമ്മാണോദ്ഘാടനം മേയർ എം. അനിൽകുമാർ 24ന് നിർവഹിക്കും.

കളിസ്ഥലത്തിനായി നിലവിലെ തറനിരപ്പ് ഉയർത്തും, ക്രിക്കറ്റ്, ഫുട്ബാൾ കളിക്കുന്നതിനുള്ള സൗകര്യം, വോളിബാൾ കോർട്ട്, ഓപ്പൺജിം, കുട്ടികൾക്ക് കളിക്കുന്നതിനുള്ള മിനിപാർക്ക്, കളിസ്ഥലത്തിന് ചുറ്റും വാക്‌വേ, ഗ്യാലറി എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. ആദ്യഘട്ടത്തിൽ പത്തുലക്ഷംരൂപ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയതിനുപുറമേ ഒരുകോടി ഇരുപതുലക്ഷം രൂപയുടെ എസ്റ്റിമേറ്റിനാണ് അംഗീകാരമായത്. പദ്ധതി വേഗത്തിൽ പൂർത്തീകരിക്കുമെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് പറഞ്ഞു. മറ്റു നടപടികൾ പൂർത്തിയാക്കി ടെൻഡർ ചെയ്ത പ്രവൃത്തി കരാറുകാരൻ എറ്റെടുത്തിട്ടുണ്ട്.

അമൃത് പദ്ധതിവഴി നടപ്പിലാക്കുന്ന മലിനജല സംസ്കരണപ്ലാന്റ് നിർമ്മാണം അവസാനഘട്ടത്തിലാണ്, ഉടനെ പ്രവർത്തനം ആരംഭിക്കും. പദ്ധതി നടപ്പിലാക്കുന്ന സമയം നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് നല്കിയ ഉറപ്പാണ് കളിസ്ഥലം പൂർത്തീകരണത്തിലൂടെ നടപ്പാകുന്നത്.

അഡ്വ.എം. അനിൽകുമാർ,

മേയർ

എല്ലാ വിഭാഗം ജനങ്ങളേയും ആകർഷിക്കുന്ന കളിസ്ഥലത്തിനാണ് ഇടക്കൊച്ചിയിൽ രൂപകല്പന ചെയ്തിട്ടുള്ളത്. നിർമ്മാണോദ്ഘാടനം ആരംഭിച്ച് നാലുമാസത്തിനകം പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. നാട്ടുകാരുടേയും കായികപ്രേമികളുടേയും വർഷങ്ങളായുള്ള ആവശ്യം നിറവേറ്റാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്.

അഭിലാഷ് തോപ്പിൽ,

വാർഡ് കൗൺസിലർ