കൊച്ചി: വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് വടുതല പേരണ്ടൂർ മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ട്. സാങ്കേതിക അനുമതി ലഭിക്കുകയും ടെൻഡർ ക്ഷണിക്കുകയും ചെയ്തതോടെ ഒന്നരവർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.
വടുതലയെയും പേരണ്ടൂരിനെയും ബന്ധിപ്പിക്കുന്നതിനായി പേരണ്ടൂർ കനാലിന് കുറുകെ പാലം നിർമ്മിക്കുന്ന പദ്ധതി ഹൈബി ഈഡൻ എം.എൽ.എ ആയിരുന്ന കാലത്ത് വിഭാവനം ചെയ്തതാണ്. ഒക്ടോബർ 14വരെയാണ് ടെൻഡർ സമർപ്പിക്കാനാകുക. 16ന് ടെൻഡർ തുറക്കും.
പച്ചാളം, വടുതല പ്രദേശങ്ങളെ പേരണ്ടൂരുമായി ബന്ധിപ്പിക്കുന്നതിനുള്ള എളുപ്പമാർഗ്ഗമാണ് ഈ പാലം. എറണാകുളം നഗരത്തിലേക്കുള്ള വാഹനങ്ങളുടെ തിരക്കിനും ഗതാഗതക്കുരുക്കിനും ഈ പാലം പരിഹാരമാകും. സ്ഥലം ഏറ്റെടുക്കുന്നതിനായി 10കോടിരൂപയും വിവിധ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് തുകയും ഉൾപ്പെടെ മൊത്തം 34.24 കോടിയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചിരുന്നു.
പുതുക്കിയ അലൈൻമെന്റനുസരിച്ച് പേരണ്ടൂർ ഭാഗത്ത് 34സെന്റും വടുതല ഭാഗത്ത് 55സെന്റും സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. തീരദേശ പരിപാലന നിയമപ്രകാരമുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ വകുപ്പുകളുടെയും അനുമതികളും ഇതിനകം ലഭിച്ചു.
* രൂപമാറ്റത്തിനു കാരണം കനാൽ നവീകരണം
കൊച്ചി മെട്രോ റെയിൽ കോർപറേഷൻ (കെ.എം.ആർ.എൽ) നടപ്പാക്കുന്ന കനാൽ നവീകരണ പദ്ധതിയിൽ പേരണ്ടൂർ കനാലും ഉൾപ്പെടുന്നതിനാൽ പാലത്തിന്റെ ഉയരം നാലുമീറ്ററാക്കി വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലത്തിന്റെ രൂപകൽപ്പനയിൽ ആദ്യത്തേതിൽനിന്ന് മാറ്റംവരുത്തിയത്.
* നടപടികൾ വേഗത്തിൽ
ആകെ നീളം: 153.60 മീറ്റർ
25.70 മീറ്റർ വീതിയുള്ള 2 സ്പാനുകൾ
26 മീറ്റർ വീതിയുള്ള 1 സ്പാൻ
12.5 മീറ്റർ വീതിയുള്ള 6 ലാൻഡ് സ്പാനുകൾ
കാരിയേജ് വേ : 7.50 മീറ്റർ
ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള ഫുട്പാത്തുകൾ
ആകെ വീതി : 11.00 മീറ്റർ
അപ്രോച്ച് റോഡുകൾ
വടുതല ഭാഗത്ത് : 60 മീറ്റർ നീളം
ഇരുവശത്തും 111 മീറ്റർ സർവീസ് റോഡുകൾ
പേരണ്ടൂർ ഭാഗത്ത്: 55 മീറ്റർ നീളം, ഒരുവശത്ത് 120 മീറ്റർ സർവീസ് റോഡ്
കരാർ ഒപ്പുവച്ച് സൈറ്റ് കരാറുകാരൻ ഏറ്റുവാങ്ങുന്നയുടൻ തന്നെ പാലം നിർമ്മാണ പ്രവർത്തനം ആരംഭിക്കും
ടി.ജെ. വിനോദ് എം.എൽ.എ