
മൂവാറ്റുപുഴ: കച്ചേരിത്താഴത്തെ ഇരു പാലങ്ങളിലെയും കുഴികളടച്ച് ടാർ ചെയ്യണമെന്നാവശ്യപ്പെട്ട് പാലത്തിന്റെ കൈവരിയിൽ കയറി ഒറ്റയാൾ സമരം നടത്തി എം.ജെ.ഷാജി. മൂവാറ്റുപുഴ നഗരവികസനവുമായി ബന്ധപ്പെട്ട് പണി തീരാതെ കിടക്കുന്ന കച്ചേരിത്താഴം ഭാഗത്ത് രൂപപ്പെട്ട ഗർത്തങ്ങളും ഇരുപാലങ്ങളിലെ മരണകുഴികളും ചേർന്ന് മാസങ്ങളായി നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. കുഴികളെങ്കിലും നികത്തി ഗതാഗതം സുഗമമാക്കണെന്നാണ് പ്രധാന ആവശ്യം. ഏത് കാലാവസ്ഥയിലും തകരാത്ത രീതിയിൽ ഫലപ്രദമായ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കി നാട്ടുകാരുടെ ആരോഗ്യ സംരക്ഷിക്കണമെന്നും പൊതുപ്രവർത്തകനും ഓട്ടോറിക്ഷാ തൊഴിലാളിയുമായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജി ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ ചെറിയ പാലത്തിലെ കൈവരിയിൽ കയറി മണിക്കൂറുളോളം പ്ലേ കാർഡുമായി ഷാജി സമരം നടത്തി. നിലവിൽ നഗരവികസനം നിശ്ചലമായി കിടക്കുകയാണ്. കച്ചേരിത്താഴത്തും പി.ഒ. ജംഗ്ഷനിലുമാണ് ഇനി നിർമ്മാണം നടക്കാനുള്ളത്. വിഷയം സംബന്ധിച്ച് താലൂക്ക് ലീഗൽ സർവീസ് അതോറിട്ടിക്കും പരാതിയും നൽകിയിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 4 വരെയായിരുന്നു സമരം.