
വൈപ്പിൻ: തീരദേശ പരിപാലന നിയമത്തിലെ (സി.ആർ.ഇസഡ്) നിയന്ത്രണങ്ങളിൽ ഇളവ് നൽകി സംസ്ഥാന സർക്കാർ 2024 ഡിസംബർ 6ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം പത്തു മാസങ്ങൾക്കുശേഷം എടവനക്കാട് ഗ്രാമപഞ്ചായത്തിൽ വീട് നിർമ്മാണത്തിന് അനുമതി നൽകിത്തുടങ്ങി.
സി.ആർ.ഇസഡ്. 3 ബി വിഭാഗത്തിൽ ഉൾപ്പെടുന്ന എടവനക്കാട് പഞ്ചായത്തിലെ വികസന നിഷിദ്ധ മേഖലയിൽ തദ്ദേശവാസികളായവർക്ക് വീട് നിർമ്മാണത്തിനും പുനർനിർമ്മാണത്തിനും അനുമതി നൽകാമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്.
സമരത്തിനൊടുവിൽ അനുമതി
1. ഉത്തരവ് പുറത്തിറങ്ങിയിട്ടും എടവനക്കാട് നേരത്തേ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടർന്നുപോന്നു. ഇളവുകൾ ചൂണ്ടിക്കാട്ടി എടവനക്കാട് സി.ആർ.ഇസഡ്. ആക്ഷൻ കൗൺസിൽ ഒട്ടേറെ തവണ സമരം ചെയ്തിരുന്നു.
2. ഏറ്റവും ഒടുവിൽ, വീട് നിർമ്മാണത്തിന് അപേക്ഷകൾ നൽകിയവരുൾപ്പെടെ പഞ്ചായത്ത് ഓഫീസിൽ കയറിയിരുന്ന് സമരം നടത്തി. രാത്രിയിലും ഓഫീസ് വളപ്പിൽ സമരം തുടർന്നു.
3. ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരാണ് നിർമ്മാണ അനുമതി നൽകാൻ വിസമ്മതിക്കുന്നതെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾസലാമും ഓഫീസിലെ തന്റെ ക്യാബിനിൽ സമരം തുടങ്ങി.
4. ഇതേത്തുടർന്ന് പിറ്റേദിവസം കളക്ടറേറ്റിൽ ജില്ലാ ഭരണകൂടവും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ആക്ഷൻ കൗൺസിൽ ഭാരവാഹികളും തമ്മിൽ കൂടിയാലോചന നടത്തി നിയമത്തിലെ ഇളവുകൾ നടപ്പിലാക്കാൻ തീരുമാനിച്ചു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വ്യവസ്ഥകൾക്ക് വിധേയമായി വീട് നിർമ്മാണ അനുമതി നൽകിയത്.
ആദ്യ അനുമതി
നിലവിൽ പത്ത് അപേക്ഷകളാണുള്ളത്. അനുവാദം ലഭിക്കാത്തതിനാൽ അപേക്ഷ നൽകാത്തവർ വേറെയുമുണ്ട്. ഇവരും ഇപ്പോൾ അപേക്ഷ നൽകാനുള്ള തയ്യാറെടുപ്പിലാണ്. അപേക്ഷകരിൽ ഒരാളായ വെമ്മലശ്ശേരി ദിലീപിനാണ് 419 ചതുരശ്ര അടി വിസ്തീർണത്തിൽ വീട് നിർമ്മാണത്തിന് ചൊവ്വാഴ്ച വൈകിട്ട് അനുമതി നൽകിയത്.
മറ്റ് പഞ്ചായത്തുകളിലും ബാധകം
സി.ആർ.ഇസഡ്. 3 ബിയിൽ ഉൾപ്പെടുന്ന 30 പഞ്ചായത്തുകളും 3 എയിൽ ഉൾപ്പെടുന്ന 160 പഞ്ചായത്തുകളും കേരളത്തിലുണ്ട്. നിയമത്തിലെ ഇളവുകൾ ഈ പഞ്ചായത്തുകളിലും ബാധകമാണ്. ഇളവ് വരുത്തിയതിനെക്കുറിച്ചുള്ള അജ്ഞത മൂലമോ ജനങ്ങളുടെ ജാഗ്രതയില്ലായ്മയോ ആകാം അവിടങ്ങളിൽ ഇതിനുവേണ്ടിയുള്ള പോരാട്ടം നടക്കാത്തതെന്ന് എടവനക്കാട് ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഇ.കെ. സലിഹരൻ ചൂണ്ടിക്കാട്ടുന്നു. 3100 ചതുരശ്ര അടി വരെ വീട് നിർമ്മാണത്തിന് അനുമതിയാകാമെന്നും ഇക്കാര്യം എടവനക്കാട് നിഷിദ്ധ മേഖലയിലുള്ളവർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.