കളമശേരി: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ദേശീയപാതയോരത്ത് നട്ടുവളർത്തുന്ന വൃക്ഷത്തൈകൾ ഉണക്കിക്കളയുന്നതായി പരാതി. നോർത്ത് കളമശേരിയിലും സമീപത്തുമാണ് മെട്രോറെയിൽവേ നട്ടുവളർത്തുന്ന ഫലവൃക്ഷത്തൈകൾ ഉണക്കിക്കളയുന്നത്. മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് മുറിച്ചുകളഞ്ഞ മരങ്ങൾക്ക് പകരമായിട്ടാണ് പാതയോരത്ത് വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചത്. പല സ്ഥാപനങ്ങളുടെയും പേരുകൾ മറയ് ക്കുന്നതിന്റെയും പരസ്യബോർഡുകളിലെ ചിത്രങ്ങൾ കാണാത്തതിന്റെ പേരിൽ ഇടപ്പള്ളിടോളിൽ ഫലവൃക്ഷത്തൈകൾ വെട്ടിമാറ്റിയിരുന്നു. ഇവിടങ്ങളിലെല്ലാം പിന്നീട് സന്നദ്ധപ്രവർത്തകർ വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുകയായിരുന്നു.
മെട്രോസ്റ്റേഷന് സമീപം ബസ് കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കുന്നതിന്റെ ഭാഗമായി മാറ്റി സ്ഥാപിച്ച മാവും ഉണങ്ങിയ നിലയിലാണ്. വെള്ളമൊഴിച്ച് പരിചരിക്കുന്നതും അടിക്കടി മഴപെയ്യുന്ന സാഹചര്യത്തിലും മരങ്ങൾ ഉണങ്ങുന്നതിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.