
ആലുവ: ആലുവ മുനിസിപ്പൽ ഗ്രൗണ്ട് വീണ്ടും ടർഫ് ആക്കാനുള്ള നീക്കം വിവിധ കായിക താരങ്ങളുടെയും കായിക പ്രേമികളുടെയും നേതൃത്വത്തിൽ വീണ്ടും തടഞ്ഞു. ഇന്നലെ രാവിലെ ഗ്രൗണ്ടിലെ മണ്ണ് ഇളക്കാനെത്തിയ ജെ.സി.ബി എതിർപ്പിനെ തുടർന്ന് തിരികെ കൊണ്ടുപോയി.
കരാറുകാരൻ രാവിലെ ജെ.സി.ബി എത്തിച്ച് മണ്ണ് ഇളക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രതിഷേധക്കാരെത്തിയത്. ഇതോടൊപ്പം സി.പി.എം ലോക്കൽ സെക്രട്ടറി രാജീവ് സക്കറിയയുമെത്തിയാണ് നിർമ്മാണം തടഞ്ഞത്. സംഭവമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി നിർമ്മാണം താത്കാലികമായി നിറുത്തിച്ചു.
കഴിഞ്ഞയാഴ്ച നിർമ്മാണോദ്ഘാടന വേദിയിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തിയത് സംഘർഷത്തിൽ കലാശിച്ചിരുന്നു. കുപ്പിയേറിൽ കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റതിനെ തുടർന്ന് പ്രതിഷേധക്കാരിൽ ഒരാൾ റിമാൻഡിലായി.
പൊലീസിനെ ഉപയോഗിച്ചും കേസെടുത്തും പ്രതിഷേധം ഇല്ലാക്കാൻ കഴിയില്ലെന്നാണ് ടർഫ് വിരുദ്ധരുടെ നിലപാട്.
ടർഫ് ആക്കിയാൽ ഫുട്ബാൾ ഒഴികെ മറ്റൊരു കായിക വിനോദത്തിനും ഗ്രൗണ്ട് ഉപയോഗിക്കാൻ കഴിയില്ലെന്നതാണ് പ്രതിഷേധത്തിന് കാരണം. മാത്രമല്ല, ടർഫിൽ നിയന്ത്രണം ഏർപ്പെടുത്തും. പ്രഭാത സായാഹ്ന സവാരികളും നിലയ്ക്കും. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ടർഫ് ആക്കുന്നതിനെ കളിക്കാർ എതിർക്കുന്നത്.