നെടുമ്പാശേരി: വാസ്കോഡ ഗാമ കോഴിക്കോട് കാപ്പാട് കടപ്പുറത്ത് എത്തിയ വർഷത്തിന്റെ ഓർമയ്‌ക്കായി നെടുമ്പാശേരി വൺ കൊച്ചിയിലെ 'എഡി 1498" ആർട്ട് ഗാലറി തുറന്നു. ഇന്ത്യയിലെ ആദ്യ ആർട്ട് ഡിസ്ട്രിക്‌ട് എന്ന സവിശേഷതയോടെയാണ് ആർട്ട് ഗാലറി തുറന്നിട്ടുള്ളത്. ചിത്രകാരനും ശിൽപ്പിയും മ്യൂസിയം ഒഫ് ഗോവ സ്ഥാപകനുമായ സുബോധ് കേർകർ സ്വിച്ച് ഓൺ ചെയ്തു. സ്‌ഥാപകൻ നീൽ ജോർജ്, ചിത്രകാരൻമാരായ പ്രീതി ചെല്ലപ്പൻ, ജോർജ് മാർട്ടിൻ, വൺ കൊച്ചി ചീഫ് ക്യൂറേറ്റർ അഞ്ജന തുടങ്ങിയവർ പങ്കെടുത്തു.
വിമാനത്താവള റോഡിൽ ഗോൾഫ് കോഴ്സിന് എതിർവശത്താണ് വൺ കൊച്ചി. കൊച്ചിയിലെ ഡർബാർ ഹാൾ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന വൺ കൊച്ചിയിൽ ഹോട്ടൽ, മ്യൂസിയം, ആർട്ട് ഗാലറി തുടങ്ങിയവയുണ്ട്. ആദ്യഘട്ടമായാണ് ആർട്ട് ഗാലറി തുറന്നത്. എം.എഫ്.ഹുസൈൻ, അഞ്ജലി ഇള മേനോൻ, സി.എൻ. കരുണാകരൻ, നമ്പൂതിരി, യൂസഫ് അറയ്‌ക്കൽ തുടങ്ങിയ പ്രമുഖ ചിത്രകാരൻമാരുടെ പെയിന്റിംഗുകളുണ്ട്. ഹോട്ടൽ അടുത്ത മാസം പ്രവർത്തനസജ്ജമാകും. ആറ് സ്യൂട്ട് മുറികളുണ്ട്. ആർട്ട് ഗാലറി ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ അരങ്ങേറി.