1
ഇടക്കൊച്ചി പാവുമ്പായി മൂലജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചപ്പോൾ

പള്ളുരുത്തി: ഇടക്കൊച്ചി പാവുമ്പായിമൂല ജംഗ്ഷനിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. ഇടക്കൊച്ചി ഭാഗത്തുനിന്ന് വരികയായിരുന്നു ഇന്നോവ കാർ അതിവേഗത്തിൽ ഇന്ദിരാഗാന്ധി റോഡിലേക്ക് കയറുവാൻ ശ്രമിച്ചപ്പോൾ വേഗതയിൽ പിന്നാലെ എത്തിയ വാൻ ഇന്നോവകാറിന് പിന്നിൽ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ ഇന്നോവകാർ ഇടക്കൊച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയുടെ സൈഡിൽ ഇടിച്ച് കാറിന്റെ മുൻഭാഗവും പിൻഭാഗവും പൂർണമായും തകർന്നു. ടിപ്പർ ലോറിയുടെ അരികിൽ ഇടിച്ചതിനാലാണ് റോഡരികിൽ നിന്നിരുന്ന യാത്രക്കാരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറാതിരുന്നത്.

പാവുമ്പായിമൂല ജംഗ്ഷനിലും കണ്ണങ്ങാട്ട് റോഡിലേക്കുള്ള സെന്റ് മേരീസ് പള്ളി ജംഗ്ഷനിലും, കണ്ണങ്ങാട്ട് പാലത്തിന്റെ ഐലൻഡ് ഭാഗത്തെ ജംഗ്ഷനിലും സിഗ്നൽ ലൈറ്റുകൾ ഇല്ലാത്തത് പ്രദേശത്ത് തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. ഈ പ്രദേശങ്ങളിൽ അടിയന്തരമായി സിഗ്നൽലൈറ്റുകൾ സ്ഥാപിച്ച് ജംഗ്ഷനുകൾ വികസിപ്പിച്ച് അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.