ആലുവ: ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലും വൈദികമഠത്തിലും കവർച്ച നടത്തിയ കേസിൽ പ്രതികൾക്കായി പൊലീസ് സി.സി ടിവികൾ പരിശോധിക്കുന്നു. സ്കൂളിലെ സി.സി ടിവിയുടെ ഡി.വി.ആർ മോഷ്ടാവ് കൈക്കലാക്കിയെങ്കിലും സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും കാമറകളാണ് പരിശോധിക്കുന്നതെന്ന് ആലുവ പൊലീസ് ഇൻസ്പെക്ടർ വി.എം. കെഴ്സൺ പറഞ്ഞു.

21ന് രാത്രിയാണ് സ്കൂളിലെ മോഷണം. അതേരാത്രിയിൽത്തന്നെ 100മീറ്റർമാറി മുനിസിപ്പൽ ടൗൺഹാളിന് പിൻവശത്തെ ഇറിഗേഷൻ ഓഫീസിൽനിന്ന് കോപ്പർ ഉൾപ്പെടെയുള്ള ആക്രിസാധനങ്ങളും നഷ്ടപ്പെട്ടിരുന്നു. രണ്ടിടത്തെയും കവർച്ചയ്ക്കുപിന്നിൽ ഒരാളായിരിക്കുമെന്നാണ് പൊലീസ് ആദ്യം ധരിച്ചതെങ്കിലും അന്വേഷണത്തിൽ വ്യത്യസ്ത സംഘമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ മോഷണക്കേസിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയയാളെ പൊലീസ് തെരയുന്നു. എസ്.എൻ.ഡി.പി സ്കൂളിൽനിന്ന് ലഭിച്ച വിരലടയാളത്തിൽനിന്നാണ് അന്വേഷണം ഇയാളിലേക്ക് തിരിയാൻ കാരണം.

സ്കൂൾ വളപ്പിലെ വൈദികമഠം കുത്തിത്തുറന്ന് ഗുരുദേവ പ്രതിഷ്ഠയ്‌ക്ക് മുമ്പിലെ നിലവിളക്കിന്റെ മുകൾഭാഗം മോഷ്ടാവ് ഊരിയെടുത്തിരുന്നു. പ്രിൻസിപ്പലിന്റെ ഓഫീസിൽ കടന്ന മോഷ്ടാവ് സി.സി ടിവി കാമറയുടെ ഡി.വി.ആറും ഇന്റർനെറ്റ് കണക്ഷനുമായി ബന്ധപ്പെട്ട മോഡവും സ്കൂൾ ബസിന്റെ ജി.പി.എസും മോഷ്ടിച്ചിരുന്നു.