a
അപകടത്തിൽപ്പെട്ട രവി കിഷനെ പുറത്തെടുക്കുന്നു

കൊച്ചി: ഓടക്കാലിയിലെ അരിമില്ലിലെ ചാരം പുറത്ത് കളയുന്ന ടണലിൽ കുടുങ്ങി അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശിയായ രവി കിഷനാണ് (20) തലപ്പുഞ്ചയിലെ റൈസ്കോ അരിക്കമ്പനിയിൽ ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയുണ്ടായ അപകടത്തിൽ മരിച്ചത്.

തീയോടൊപ്പം പുറത്ത് വരുന്ന ചാരം ശേഖരിച്ച് പുറന്തുള്ളന്നതിന് വേണ്ടി 15 അടിയോളം വ്യാസത്തിലുള്ള ഫണൽ കമ്പനിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഫണലിന്റെ മുകൾ ഭാഗത്ത് ഇരുമ്പ് ഷീറ്റിട്ട് മറച്ചിട്ടുമുണ്ട്. ഷീറ്റിന് മുകളിൽ കുമിഞ്ഞു കൂടിയ ചാരം നീക്കാൻ മറ്റൊരാളോടൊപ്പം കയറിയതാണ് രവി കിഷൻ. ഷീറ്റിൽ ചവിട്ടി നിന്ന് ചാരം മാറ്റുന്നതിനിടെ ഷീറ്റ് തകർന്ന് താഴേക്ക് പതിച്ചു. രവി കിഷനോടൊപ്പം കയറിയ മറ്റൊരു തൊഴിലാളി മുകളിലെ ഇരുമ്പ് പട്ടയിൽ തൂങ്ങി നിന്നതിനാൽ രക്ഷപ്പെട്ടു.

40 അടി പൊക്കമുള്ള പൈപ്പിന്റെ 15 അടി വരുന്ന ഉമി നീറിക്കത്തി നിൽക്കുന്ന ഭാഗത്താണ് രവി കിഷൻ തങ്ങി നിന്നത്. മുകളിലേക്കോ താഴേക്കോ മാറ്റി ആളെ രക്ഷിക്കാൻ മറ്റ് ജീവനക്കാർ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ പെരുമ്പാവൂർ ഫയർഫോഴ്സിന്റെ സഹായം തേടി.

കനത്ത ചൂടും പുകയുമുള്ളതിനാൽ പൈപ്പിലിറങ്ങി രക്ഷപ്പെടുത്തുക അസാദ്ധ്യമായിരുന്നു. ഫയർഫോഴ്സ് സേനാംഗമായ ശ്രീക്കുട്ടൻ റോപ്പ് വഴി തീ പ്രതിരോധിക്കുന്ന വസ്ത്രം ധരിച്ച് ഇറങ്ങിയാണ് ആളെ റോപ്പിൽ കെട്ടി മുകളിലെത്തിച്ചത്. തുടർന്ന് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.കെ. ജയറാം, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.എ. ഉബാസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സി.ബി, അഭിലാഷ്, പി.എസ്. ഉമേഷ്, പി. ധനേഷ്, ടി.പി. അരുൺ, ഹോംഗാർഡുമാരായ എസ്. അനിൽകുമാർ, ആർ.ടി. ഗോപകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തത്.

രവി കിഷോറിന്റെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. അരിമില്ലിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്നത് സംബന്ധിച്ച് പൊലീസും പരിശോധന നടത്തി.