മട്ടാഞ്ചേരി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പശ്ചിമകൊച്ചി മേഖല സ്ത്രീസംവരണം കൈയ്യടക്കി. കൊച്ചി കോർപ്പറേഷനിലെ 76ൽ 30 ഡിവിഷനുകളുള്ള പശ്ചിമകൊച്ചിയിൽ 18 ഡിവിഷനുകൾ സ്ത്രീ സംവരണമാണ്. അതിലൊന്ന് പട്ടികജാതി സ്ത്രീ സംവരണവും.12 സീറ്റുകളാണ് ജനറൽ വിഭാഗത്തിൽ. ഇത് മുന്നണി നേതൃത്വങ്ങളെ ആശങ്കയിലാക്കി.

നഗരസഭയിലെ 30 ഡിവിഷനുകളും ചെല്ലാനം, കുമ്പങ്ങി ഗ്രാമപഞ്ചായത്തുകളും പശ്ചിമകൊച്ചിയുടെ ഭാഗമാണ്. നിലവിൽ ഇവിടെ നഗരസഭ സീറ്റ് സംവരണത്തിൽ 60 ശതമാനവും സ്ത്രീ സംവരണമായി.

പശ്ചിമകൊച്ചിയിൽ നിലവിലുള്ള നഗരസഭാ കൗൺസിൽ സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ടി.കെ. അഷ്റഫ്, ശ്രീജിത്ത് ,സനിൽമോൻ, പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ എന്നിവർ സുരക്ഷിതസീറ്റ് നേടാനുള്ള ശ്രമങ്ങളിലാണ്.

ഡെപ്യൂട്ടി മേയറുടെ അഞ്ചാംവാർഡ് പുന:ക്രമീകരണത്തോടെ ഇല്ലാതായി. രാഷ്ട്രീയാടിസ്ഥാനത്തിലുള്ള വാർഡ് വിഭജനത്തിലെ അപാകതകളും മാറ്റങ്ങളും രാഷ്ട്രീയകക്ഷികളിൽ അമർഷത്തിന് ഇടയാക്കിയിരുന്നു. നഗരസഭയിൽ കൗൺസിലറാകാനുള്ള തയ്യാറെടുപ്പുമായി വനിതകളും സജീവമായി സീറ്റുറപ്പിക്കാൻ മുന്നിലുണ്ട്. മുൻകൗൺസിലർമാരും സീറ്റിനായി ശ്രമങ്ങൾ തുടങ്ങിയതോടെ മുന്നണികൾ വിമതഭീഷണി നേരിടേണ്ടിവരുന്ന സാഹചര്യത്തിലാണ്. പുരുഷനേതാക്കളെ എവിടെ മത്സരിപ്പിക്കുമെന്ന പ്രതിസന്ധിയും രാഷ്ട്രീയ പാർട്ടികളെ വലയ്ക്കുന്നുണ്ട്. ജനറൽ സീറ്റുകൾക്കൊപ്പം സ്ത്രീ സംവരണ സിറ്റുകളിലും വിമതപ്രശ്നം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചുണ്ടിക്കാട്ടുന്നത്. രണ്ടിൽ കൂടുതൽ തവണ കൗൺസിലറായവരെയും മോശം പ്രകടനം നടത്തിയവരേയും അക്കാരണംപറഞ്ഞ് മാറ്റിനിറുത്താമെന്നാണ് പാർട്ടിനേതാക്കളുടെ കണക്കുകൂട്ടൽ.