bridge

ആലുവ: ദേശീയപാതയിൽ ആലുവയുടെ ലാന്റ് മാർക്കായ മാർത്താണ്ഡവർമ്മ പാലം ഇരുട്ടിലായിട്ടും നടപടിയെടുക്കാതെ അധികൃതർ. രാത്രി കാലങ്ങളിൽ വാഹനങ്ങളുടെ വെട്ടത്തിലാണ് കാൽനടക്കാർ സഞ്ചരിക്കുന്നത്.

തോട്ടയ്ക്കാട്ടുകര, പറവൂർ കവല, മണപ്പുറം ഭാഗങ്ങളിലേക്ക് നഗരത്തിൽ നിന്ന് മെട്രോ - ബസ് യാത്രക്കാർ ഉൾപ്പെടെ നിരവധി പേരാണ് പോകുന്നത്. സന്ധ്യയായാൽ പാലത്തിൽ ജോലി കഴിഞ്ഞ് പോകുന്നവരുടെ തിരക്കാണ്. എന്നാൽ ഇവിടെ വെളിച്ചമില്ലാത്തതിനാൽ സാമൂഹ്യ വിരുദ്ധരെ ഭയന്നാണ് യാത്ര.

പാലത്തിന്റെ കിഴക്ക് വശത്താണ് സന്ധ്യയ്ക്ക് ശേഷം കൂരിരുട്ടാകുന്നത്. പാലത്തിലെ നടപ്പാതയിലൂടെ കുടിവെള്ള പൈപ്പുകൾ കടന്നുപോകുന്നതും സുരക്ഷിതമായ കാൽനട യാത്രക്ക് തടസമാണ്.

നഗരസഭയുടെ മേൽനോട്ടത്തിലാണ് പാലത്തിലെ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നതും ആരംഭിച്ചിട്ടുണ്ട്. പ്രശ്‌നം നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു.

നഗരസഭയുടെ അനാസ്ഥയെന്ന് ബി.ജെ.പി
പാലത്തിലെ വിളക്കുകൾ ഒന്നരയാഴ്ചയിലേറെയായിട്ടും തെളിയിക്കാൻ നടപടിയെടുക്കാത്തത് നഗരസഭയുടെ വീഴ്ചയാണെന്നും അധികൃതർ ഉറക്കം നടിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. ലൈറ്റുകൾ പുനസ്ഥാപിക്കുന്നതിൽ ഉടൻ നടപടി സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷസമരങ്ങൾക്ക് തയ്യാറാകേണ്ടി വരുമെന്നും ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാർ മുന്നറിയിപ്പ് നൽകി.