
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിലെ അത്‌ലറ്റിക്‌സിലെ ആദ്യ സ്വർണനേട്ടക്കാരിക്ക് സ്വന്തമായൊരു വീടില്ല. ട്രാക്കിൽ ഇറങ്ങിയത് സുമനസുകൾ സമ്മാനിച്ച സ്‌പൈക്‌സണിഞ്ഞ്. ഇല്ലായ്മകളോട് പൊരുതി സ്വർണത്തിൽ മുത്തമിട്ട ഇനിയ പാലക്കാട് പറളി എച്ച്.എസിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ്. ചേച്ചിമാരെ പിന്നിലാക്കിയാണ് എം.ഇനിയ സംസ്ഥാന സ്കൂൾ കായികമേളയിൽ സുവർണമുദ്ര പതിപ്പിച്ചത്. സീനിയർ പെൺകുട്ടികളുടെ 3,000 മീറ്റർ ഓട്ടത്തിലാണ് സ്വർണം. 10മിനിട്ട് 56.67 സെക്കൻഡിൽ ലക്ഷ്യം തൊട്ടു.
പ്രായംകൊണ്ട് സബ് ജൂനിയർ വിഭാഗക്കാരിയാണ്. ദീർഘദൂര ഓട്ടത്തിലെ മികവ് തിരിച്ചറിഞ്ഞാണ് കായികാദ്ധ്യാപകൻ പി.ജി.മനോജ് സീനിയർ വിഭാഗത്തിൽ ഇറക്കിയത്. ഈ അദ്ധ്യയന വർഷമാണ് ഇനിയ പറളിയിൽ എത്തിയത്. വിളിക്കാതെ തന്നെ പരിശീലനത്തിന് വന്ന കുട്ടിയുടെ പ്രകടനത്തിലെ മാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ ഫെഡറേഷന്റെ ജൂനിയർ അത്‌ലറ്റിക് ജില്ലാമീറ്റിൽ 600 മീറ്ററിൽ മത്സരിപ്പിച്ചു. സ്വർണം നേടി ഞെട്ടിച്ചു. പക്ഷേ, സംസ്ഥാന തലത്തിൽ നിറം മങ്ങി. അതിന്റെ പോരായ്മ മനസിലാക്കിയാണ് സ്കൂൾ കായികമേളയിൽ ദീർഘദൂരത്തിലേക്ക് മാറ്റിയത്.
ജില്ലാതലത്തിൽ 3,000, 1,500, 800 മീറ്ററുകളിൽ സ്വർണം നേടിയിരുന്നു. രാവിലെ നാലിന് എഴുന്നേറ്റ് രണ്ടു കിലോമീറ്റർ ഒറ്റയ്ക്ക് യാത്ര ചെയ്തായിരുന്നു പരിശീലനം. കൂലിപ്പണിക്കാരനായ മുരുകന്റെയും എടത്തറ സ്‌കൂളിലെ പാചകത്തൊഴിലാളിയായ സിന്ധുവിന്റെയും മകളാണ്. സഹോദരൻ സൂര്യ.
വീട് വാങ്ങണം, ജോലി നേടണം
ഇപ്പോൾ താമസിക്കുന്ന വാടകവീട് വാങ്ങണമെന്നാണ് ഇനിയയുടെയും മാതാപിതാക്കളുടെയും ആഗ്രഹം. 4.5 ലക്ഷം രൂപ വേണ്ടിവരും. അത്രയും പണം എങ്ങനെ നൽകും? അന്തിയുറങ്ങാൻ ഒരിടം എന്ന സ്വപ്നംപോലും അകലെയാണ് ഇനിയയ്ക്ക്. പഠിച്ച് നല്ല ജോലി നേടുന്നതിനൊപ്പം ലോകമറിയുന്ന കായികതാരം ആകണമെന്നും ഇനിയയ്ക്ക് മോഹമുണ്ട്.
നാലു മാസത്തെ പരിശീലനം കൊണ്ടാണ് ഇനിയ സ്വർണത്തിൽ മുത്തമിട്ടത്. രാജ്യത്തിന്റെ അഭിമാനതാരമാകും ഇനിയ.
- പി.ജി.മനോജ്
കായികാദ്ധ്യപകൻ, പറളി എച്ച്.എസ്