കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത ഡീപ്‌ടെക് കാലാവസ്ഥാ സ്റ്റാർട്ടപ്പായ നീയോക്‌സ് ഇക്കോ സൈക്കിളിന് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ഉഷസ് മാരിടൈം ഇന്നവേഷൻ പദ്ധതിയിൽ 75 ലക്ഷം രൂപയുടെ പ്രോട്ടോടൈപ്പിംഗ് ഗ്രാന്റ് ലഭിച്ചു. കപ്പലുകളുടെ അടിത്തട്ട് തുരുമ്പെടുക്കാതിരിക്കാൻ പുരട്ടുന്ന വിഷരഹിത പദാർത്ഥം വികസിപ്പിക്കാനാണ് ധനസഹായം.
ഐ.ഐ.എം കോഴിക്കോട് എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. അശുതോഷ് സർക്കാർ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ (ഡിസൈൻ) കെ.ആർ. അഞ്ജന, സീനിയർ മാനേജർ എസ്. കൃഷ്ണ പ്രസാദ്, ഐ.ഐ.എം കോഴിക്കോട് സീനിയർ ജനറൽ മാനേജർ ലിജോ പി. ജോസ്, അസിസ്റ്റന്റ് മാനേജർ ഡോ. ജിയോ പി. ജോസ്, മാനേജർ പ്രോഗ്രാംസ് ആൻഡ് പ്ലാറ്റ്‌ഫോംസ് ടിറ്റു എം. ജോൺ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചെക്ക് കൈമാറി.
പുതിയ വിഷരഹിത കോട്ടിംഗ് വഴി കപ്പലുകളുടെ ഇന്ധനക്ഷമത വർദ്ധിപ്പിക്കാനും കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളൽ കുറയ്ക്കാനും സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും സാധിക്കുമെന്ന് നിയോക്‌സിന്റെ സ്ഥാപകനും സി.ഇ.ഒയുമായ അഖിൽ രാജ് പൊട്ടേക്കാട്ട് പറഞ്ഞു.
സഹസ്ഥാപകയും വൈസ് പ്രസിഡന്റുമായ ഹേമലത രാമചന്ദ്രൻ (കെൽട്രോണിന്റെ മുൻ മാനേജിംഗ് ഡയറക്ടർ), സഹസ്ഥാപകനും സി.ടി.ഒയുമായ ഡോ. വി. സജിത് (എൻ.ഐ.ടി കോഴിക്കോട് മെറ്റീരിയൽ സയൻസ് എൻജിനിയറിംഗ് വകുപ്പിലെ പ്രൊഫസറും മേധാവിയും), സഹസ്ഥാപകയും സി.ഒ.ഒയുമായ വി. ഏകതാ (എൻ.ഐ.ടി കോഴിക്കോട് റിസർച്ച് സ്‌കോളർ) എന്നിവരടങ്ങുന്നതാണ് നിയോക്‌സ് ഇക്കോ സൈക്കിളിന്റെ നേതൃനിര.