
കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപെട്ട വൈപ്പിൻ മുരിക്കുംപാടം സ്വദേശി അനീഷ് (32)ന് ഇനി ജീവനോപാധി കണ്ടെത്താൻ സ്വന്തം ഓട്ടോറിക്ഷ. ആസ്റ്റർ ഡി.എം ഫൌണ്ടേഷനും പീസ് വാലിയും ചേർന്നാണ് ഭിന്നശേഷിക്കനുസൃതമായി മാറ്റങ്ങൾ വരുത്തിയ ഓട്ടോറിക്ഷ നൽകി അനീഷിന് കൈത്താങ്ങായത്.
ഏഴ് വർഷം മുമ്പ് സംഭവിച്ച ഒരു വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റാണ് മികച്ച ഗായകനും പുല്ലാംകുഴൽ വാദകനുമായ അനീഷിന്റെ ജീവിതം വീൽ ചെയറിൽ തളയ്ക്കപ്പെട്ടത്. പ്രായമായ അമ്മയും അനീഷും മാത്രമാണ് വീട്ടിലുള്ളത്. ഒരു ഓട്ടോറിക്ഷയുണ്ടെങ്കിൽ സ്വന്തമായി ജീവനോപാധി കണ്ടെത്താമെന്ന അനീഷിന്റെ ആഗ്രഹം പീസ് വാലി ഉപാദ്ധ്യക്ഷൻ രാജീവ് പള്ളുരുത്തിയാണ് ആസ്റ്റർ ഡി.എം. ഫൌണ്ടേഷന്റെ മുമ്പിലെത്തിച്ചത്. ഇതനുസരിച്ച് പുതിയ ഓട്ടോറിക്ഷ വാങ്ങി കോട്ടയത്തുള്ള അംഗീകൃത വർക്ക്ഷോപ്പിൽ ഭേദഗതി വരുത്തുകയായിരുന്നു.
ഭിന്നശേഷിക്കാരനായതുകൊണ്ട് ടാക്സി പെർമിറ്റ് ലഭിക്കില്ല. എങ്കിലും വീടിന് ചുറ്റുവട്ടത്ത് ഹൃസ്വദൂര സർവീസുകൾ നടത്തി ചെറിയ വരുമാനം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് അനീഷ്.
കാക്കനാട് കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഓട്ടോറിക്ഷയുടെ താക്കോൽ അനീഷിന് കൈമാറി.
ജില്ലാസാമൂഹികനീതി ഓഫീസർ ജോൺ ജോഷി, ആസ്റ്റർ ഡി.എം. ഫൌണ്ടേഷൻ എ.ജി.എം ലത്തീഫ് കാസിം, പീസ് വാലി ഉപാദ്ധ്യക്ഷൻ രാജീവ് പള്ളുരുത്തി എന്നിവർ പങ്കെടുത്തു.
ഭിന്നശേഷി സൗഹൃദ വാഹനം
കൈകൊണ്ട് പ്രവർത്തിപ്പിക്കാൻ പറ്റുന്ന ബ്രേക്ക് സിസ്റ്റം
വീൽ ചെയറിൽ നിന്ന് പരസഹായമില്ലാതെ കയറാനും ഇറങ്ങാനുമുതകുന്ന പുഷ് ബാക്ക് സീറ്റ്
അധിക ഫുട്ട് റെസ്റ്റുകൾ
ഹാൻഡിലുകൾ