കോതമംഗലം: കോതമംഗലത്ത് ഗതാഗത നിയന്ത്രണത്തിനായി ട്രാഫിക് പൊലീസ് സ്ഥാപിച്ച താത്കാലിക ദിശാ ബോർഡുകൾ ഡ്രൈവർമാരെ കുഴക്കുന്നു. കന്നി ഇരുപത് പെരുന്നാൾ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണവും ക്രമീകരണവും ഏർപ്പെടുത്തിയപ്പോൾ സ്ഥാപിച്ച ബോർഡുകളാണ് മൂന്നാഴ്ച പിന്നിട്ടിട്ടും അതേപടി നിലനിറുത്തിയിരിക്കുന്നത്. നോ എൻട്രി, നോ പാർക്കിംഗ് ബോർഡുകളാണ് ഡ്രൈവർമാരെ വലയ്ക്കുന്നത്. ടൗണിലെ ചില ലിങ്ക് റോഡുകളുടെ കവാടത്തിലാണ് നോ എൻട്രി ബോർഡുകളുള്ളത്. ബസുകൾക്ക് മാത്രം പ്രവേശനം എന്ന ബോർഡുകളുമുണ്ട്. വാഹനങ്ങൾ ഈ ബോർഡുകൾ പ്രകാരം യാത്ര ചെയ്ത് വട്ടംകറങ്ങുകയാണിപ്പോൾ. പാർക്കിംഗിന്റെകാര്യത്തിലും ഇതേ പ്രശ്‌നമുണ്ട്. പുറത്തുനിന്ന് വരുന്നവരെയാണ് ബോർഡുകൾ പ്രധാനമായും വട്ടംചുറ്റിക്കുന്നത്. മുൻവർഷങ്ങളേക്കാൾ കൂടുതൽ എണ്ണം ബോർഡുകളും വലുപ്പമുള്ള ബോർഡുകളും ഇത്തവണ സ്ഥാപിച്ചിരുന്നു. സ്ഥിരംബോർഡുകളാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന വിധത്തിലുള്ളവയാണ് ചിലത്.