post-office
ബസ് സ്റ്റാൻഡ് പോസ്റ്റോഫീസ്

ആലുവ: സാമ്പത്തിക നഷ്ടത്തെ തുടർന്ന് ആലുവയിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്ന ബസ് സ്റ്റാൻഡ് പോസ്റ്റോഫീസ് ഇന്നത്തെ സേവനത്തോടെ അടച്ചുപൂട്ടും. 'മെർജിംഗ്" എന്ന ഓമനപ്പേരിട്ടാണ് തപാൽ വകുപ്പ് ഈ പോസ്റ്റോഫീസിന്റെ കടക്കൽ കത്തിവയ്ക്കുന്നത്.

പതിറ്റാണ്ടുകളോളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന പോസ്റ്റോഫീസ് പത്ത് വർഷം മുമ്പ് കെട്ടിടം നവീകരിക്കുന്നതിനായി പൊളിച്ചപ്പോഴാണ് ജില്ലാ ആശുപത്രിക്ക് സമീപം മാഞ്ഞൂരാൻ ബിൽഡിംഗിലേക്ക് മാറ്റിയത്. സബ് പോസ്റ്റ്മാസ്റ്റർ ഉൾപ്പെടെ രണ്ട് ജീവനക്കാരുണ്ട്. രജിസ്ട്രേഡ് കത്തുകൾ ഉൾപ്പെടെ അയക്കുന്നതിനും സ്റ്റാമ്പുകൾക്കും മറ്റുമായി നിരവധി പേർ ആശ്രയിക്കുന്ന ഓഫീസാണിത്.

കെട്ടിടം, വൈദ്യുതി, വെള്ളം, ജീവനക്കാരുടെ ശമ്പളം എന്നിവക്കായി പ്രതിമാസം ചെലവാകുന്ന തുകയുടെ പകുതി പോലും ബസ് സ്റ്റാൻഡ് പോസ്റ്റോഫീസിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് തപാൽ വകുപ്പ്.

സബ് പോസ്റ്റോഫീസുകളിൽ ചെലവിന്റെ 33 ശതമാനവും പോസ്റ്റോഫീസുകളിൽ ചെലവിന്റെ നൂറു ശതമാനവും ലഭിക്കണമെന്നാണ് തീരുമാനം.

നഷ്ടത്തിന്റെ പേരിൽ കഴിഞ്ഞ ഡിസംബറിൽ ആലുവയിലേത് ഉൾപ്പെടെ സംസ്ഥാനത്തെ 12 ആർ.എം.എസും അടച്ചുപൂട്ടിയിരുന്നു.

ആലുവ ബസ് സ്റ്റാൻഡ് പോസ്റ്റോഫീസ് നിലനിറുത്തണം

അൻവർ സാദത്ത്

എം.എൽ.എ

ആലുവ ബസ് സ്റ്റാൻഡ് പോസ്റ്റോഫീസ് പൂട്ടുകയല്ല, മറ്റൊന്നിൽ ലയിപ്പിക്കുകയാണ്. ഡിവിഷന് കീഴിലെ ഒരു സബ് പോസ്റ്റോഫീസ്, പോസ്റ്റോഫീസായി ഉയർത്തും. ഉയർത്തുന്ന പോസ്റ്റോഫീസ് ഏതാണെന്ന് പിന്നീട് അറിയിക്കും. ചുരുങ്ങിയത് രണ്ട് മുതൽ മൂന്ന് കിലോമീറ്റർ വരെയാണ് പോസ്റ്ര് ഓഫീസുകൾ തമ്മിലുള്ള അകലം വേണ്ടത്. ആലുവ മുഖ്യതപാൽ ഓഫീസിൽ നിന്നും മാർക്കറ്റ് റോഡിലെ പോസ്റ്റോഫീസിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരത്തിലാണ് ബസ് സ്റ്റാൻഡ് പോസ്റ്റ് ഓഫീസ്

സൂപ്രണ്ട്,

മുഖ്യതപാൽ ഓഫീസ്

ആലുവ

ടൗൺ ബസ് സ്റ്റാൻഡ് പോസ്റ്റോഫീസും അശോകപുരം പോസ്റ്റോഫീസും നിറുത്തലാക്കാനുള്ള നീക്കം പിൻവലിക്കണം. സ്വകാര്യ കൊറിയർ കമ്പനികളെ സഹായിക്കുകയാണ് ലക്ഷ്യം. പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ കേന്ദ്ര വാർത്താ വിനിമയവകുപ്പ് മന്ത്രി ജ്യോതിരാതിദ്യ സിന്ധ്യക്ക് കത്ത് നൽകിയിട്ടുണ്ട്.

ബെന്നി ബഹനാൻ

എം.പി

ബസ് സ്റ്റാൻഡ് പോസ്റ്റ് ഓഫീസ് മാത്രമാണ് പൂട്ടുന്നതെന്നും അശോകപുരം സബ് പോസ്റ്റോഫീസ് അടച്ചുപൂട്ടുന്നതായുള്ള പ്രചാരണം ശരിയല്ലെന്നും തപാൽ വകുപ്പ്.