കൊച്ചി: തിരുവനന്തപുരം കള്ളിക്കാട് ഗ്രാമപഞ്ചായത്ത് നെയ്യാർ ഡാം വാർഡിലെ അങ്കണവാടി കെട്ടിട നിർമ്മാണ ഗുണഭോക്തൃ കമ്മിറ്റി കൺവീനറിൽ നിന്ന്, 6000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ എൻജിനിയറുടെ കുറ്റം ശരിവച്ച് ഹൈക്കോടതി.അതേസമയം പ്രതിക്ക് വിജിലൻസ് കോടതി വിധിച്ച രണ്ടുവർഷം കഠിനതടവ് ഒരു വർഷമായി ജസ്റ്റിസ് എ.ബദറുദ്ദീൻ ഇളവ് ചെയ്തു. ശിക്ഷാവിധിക്കെതിരെ പ്രതി മരിയാപുരം ഗ്ലോറി ഭവനിൽ പി.സാം ഡേവിഡ് നൽകിയ അപ്പീലിലാണ് നടപടി.

ഹർജിക്കാരൻ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയറായിരുന്നപ്പോഴാണ് കൈക്കൂലിക്ക് പിടിയിലായത്. അങ്കണവാടി കെട്ടിട നിർമ്മാണത്തിന്റെ ബില്ല് മാറി നൽകുന്നതിന് കൺവീനറായിരുന്ന അലോഷ്യസിൽ നിന്ന് 10 ശതമാനം കമ്മിഷൻ തുകയാണ് എൻജിനിയർ ആവശ്യപ്പെട്ടത്.2003ലായിരുന്നു സംഭവം. രാഷ്ട്രീയക്കാരനായ പരാതിക്കാരൻ പണം തന്റെ ഓഫീസിൽ കൊണ്ടുവച്ചതാണെന്ന എൻജിനിയറുടെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. വിജിലൻസിനായി സ്‌പെഷ്യൽ ഗവ.പ്ലീഡർ എ.രാജേഷ്, സീനിയർ ഗവ.പ്ലീഡർ എസ്.രേഖ എന്നിവർ ഹാജരായി.