കൊച്ചി: മതമൈത്രിയും സമാധാന അന്തരീക്ഷവും തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. കളമശേരി മാർത്തോമാഭവനിലെ കന്യാസ്ത്രീകൾക്ക് സഞ്ചാരസ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് അസംബ്ലി ഒഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ്(ആക്ട്സ്) നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിനു മുമ്പിൽ നടത്തിയ സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്‌ട്സ് പ്രസിഡന്റ് ബിഷപ്പ് ഉമ്മൻ ജോർജ് അദ്ധ്യക്ഷനായി.
ബിലിവേഴ്‌സ് ഈസ്റ്റേൺ ചർച്ച് രൂപത അദ്ധ്യക്ഷൻ ബിഷപ്പ് മാത്യൂസ് സിൽവാനിയോസ്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ് ഷൈജു, മാർത്തോമാസഭ വികാരി ജനറൽ ഡോ.സി.എ. വർഗീസ്, സി.ബി.സി.ഐ ലെയ്‌റ്റി സെക്രട്ടറി വി.സി. സെബാസ്റ്റ്യൻ, ആക്‌ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ട്രഷറർ സാജൻ വേളൂർ, സെക്രട്ടറി പി.ജെ. തോമസ്, എൻ.ഡി.എ വെസ് ചെയർമാൻ കുരുവിള മാത്യൂസ്, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടോമി ജോസഫ്, നഗരസഭ കൗൺസിലർ പദ്മജ എസ്. മേനോൻ, നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോർജ് ഷൈൻ, കെ.എസ്. ദിലീപ്കുമാർ, ഏലൂർ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.
പ്രശ്‌നത്തിന് അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ നവംബർ ഒന്നുമുതൽ മറ്റു പ്രസ്ഥാനങ്ങളുമായി ചേർന്ന് അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് ആക്‌ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, സെക്രട്ടറി കുരുവിള മാത്യൂസ് എന്നിവർ അറിയിച്ചു.