റവന്യൂ അവകാശം പുന:സ്ഥാപിക്കണമെന്ന ആവശ്യത്തിൽ നവം. 5ന് വാദം
കൊച്ചി: മുനമ്പം നിവാസികളുടെ ഭൂ നികുതി സ്വീകരിക്കാൻ റവന്യൂ അധികൃതർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹർജി അടിയന്തരമായി കേൾക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ജസ്റ്റിസ് സി.ജയചന്ദ്രൻ ഹർജി പരിഗണിച്ചെങ്കിലും ഭൂ സംരക്ഷണ സമിതി അഭിഭാഷകന്റെ അസൗകര്യം കണക്കിലെടുത്ത് നവംബർ അഞ്ചിലേക്ക് മാറ്റി.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനെ തുടർന്നാണ് ഭൂ സംരക്ഷണ സമിതിയടക്കമുള്ളവർ ഫയൽ ചെയ്ത ഹർജി നേരത്തെ പരിഗണിക്കണമെന്ന ആവശ്യം സർക്കാർ ഉന്നയിച്ചത്.
ഡിവിഷൻ ബെഞ്ച് ഉത്തരവും സിംഗിൾ ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തും.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഭൂ നികുതി ഒടുക്കുന്നതിനടക്കം നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികളുടെ ഹർജി.
ഫറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റിയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് വിലകൊടുത്ത് വാങ്ങിയതാണ് ഭൂമി. ഇതിന് ശേഷം ഭൂ നികുതിയും നൽകുന്നുണ്ടായിരുന്നു. എന്നാൽ ഭൂമി വഖഫാണെന്ന് പ്രഖ്യാപിച്ചതോടെ റവന്യൂ അധികൃതർ നികുതി സ്വീകരിക്കാതായി. ഇക്കാര്യത്തിൽ നിർദ്ദേശം നൽകണമെന്നും എത്രയും വേഗം പരിഗണിച്ച് തീരുമാനമെടുക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് കഴിഞ്ഞ 10നാണ് ഹൈക്കോടതി ഡിവിഷൻബെഞ്ച് വിധിപറഞ്ഞത്. ദാനാധാരം നടന്ന് 69 വർഷത്തിനു ശേഷം മുനമ്പം ഭൂമി വഖഫായി പ്രഖ്യാപിച്ച നടപടി ഇവിടത്തെ ജനങ്ങളുടെ ഉപജീവനമാർഗം ഇല്ലാതാക്കി ഭൂമി തട്ടിയെടുക്കാനുള്ള വഖഫ് ബോർഡിന്റെ ശ്രമമായിരുന്നെന്നും കോടതി വിമർശിച്ചിരുന്നു.