വൈപ്പിൻ: വാഹനം ഇടിച്ച് മാലിപ്പുറം ബീച്ചിൽ കയറ്റിവച്ചിരുന്ന വള്ളത്തിനും വള്ളത്തിലുണ്ടായിരുന്ന എൻജിനും സാരമായ കേടുപാടുകൾ സംഭവിച്ചു. ബുധനാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് കടപ്പുറത്ത് കയറ്റിവച്ചിരുന്ന വള്ളത്തിൽ പുലർച്ചെ അതുവഴി വന്ന വാഹനമാണ് ഇടിച്ചത്. രാവിലെ മത്സ്യബന്ധനത്തിന് പോകാൻ തൊഴിലാളികൾ എത്തിയപ്പോഴാണ് വള്ളം തകർന്ന നിലയിൽ കണ്ടത്.
ബീച്ച് ദർശിക്കാനെത്തിയ സന്ദർശകരുടെ വാഹനമാണ് ഇടിച്ചതെന്ന് കരുതുന്നു. മണലിൽ ജീപ്പ് ടയറിന്റെ പാടുകളുണ്ട്. വള്ളത്തിന്റെ ഉടമ മാലിപ്പുറം ഞൊട്ടച്ചൻ വേലിയകത്ത് ഷിവിൽ ഞാറക്കൽ പൊലീസിലും വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലും പരാതി നൽകി.വള്ളത്തിന്റെയും എൻജിന്റെയും കേടുപാടുകൾ തീർക്കാൻ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് പഞ്ചായത്ത് അംഗം സ്വാതിഷ് സത്യൻ ഫിഷറീസ് വകുപ്പിനോട് ആവശ്യപ്പെട്ടു.