കൊച്ചി: കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ട ബംഗളൂരു സ്വദേശി സൂരജ് ലാമ (59) കൊച്ചിയിലെത്തിയെന്ന് വ്യക്തമാക്കുന്ന എമർജൻസി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. സൂരജ് ലാമ ഒക്ടോബർ അഞ്ചിന് പുലർച്ചെ 2.15 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. എമർജൻസി പാസ്പോർട്ടിലാണ് യാത്ര ചെയ്തതെന്നും വിശദീകരിച്ചു. തുടർന്നാണ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദ്ദേശിച്ചത്.
നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയെ സൂരജ് ലാമയെ കണ്ടെത്താനാകാത്തതിനാൽ മകൻ സാന്റോൺ ലാമ ഫയൽ ചെയ്ത ഹേബിയസ് കോർപ്പസ് ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. വിഷയം ശനിയാഴ്ച വീണ്ടും പരിഗണിക്കും.
സൂരജ് ലാമയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കാൻ പൊലീസിനോടും നിർദ്ദേശിച്ചിട്ടുണ്ട്.
വിഷമദ്യ ദുരന്തത്തിൽ ഓർമ്മ നഷ്ടമായ സൂരജ് ലാമയെ ഒക്ടോബർ അഞ്ചിന് കുവൈറ്റിൽ നിന്ന് ബന്ധുക്കളെ വിവരം അറിയിക്കാതെ നാടുകടത്തിയെന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയ സൂരജ് ലാമയെ തൃക്കാക്കര പൊലീസ് പിന്നീട് എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇവിടെ നിന്ന് കാണാതായി.