anuruthan-thathiri-
കെ.കെ. അനിരുദ്ധൻ തന്ത്രി

പറവൂർ: മടപ്ളാതുരുത്ത് ശ്രീഗുരുദേവ വൈദിക തന്ത്രവിദ്യാപീഠം സ്ഥാപകനും രക്ഷാധികാരിയും നിരവധി ക്ഷേത്രങ്ങളുടെ താന്ത്രികാചാര്യനുമായ കെ.കെ. അനിരുദ്ധൻ തന്ത്രിയുടെ സപ്തതി ആഘോഷം ഇന്ന് നടക്കും. തന്ത്രവിദ്യാപീഠത്തിൽ രാവിലെ ചെന്നൈ രാജാമണി വാദ്ധ്യാരുടെ കാർമ്മികത്വത്തിൽ സപ്തതിപൂജ, ഉച്ചയ്‌ക്ക് 12.30ന് പിറന്നാൾ സദ്യ, തുടർന്ന് കലാസന്ധ്യയും കുടുംബ സംഗമവും എന്നി നടക്കും.

പറവൂർ താലൂക്കിൽ കട്ടത്തുരുത്ത് കാട്ടിപ്പറമ്പിൽ കുട്ടപ്പൻ - ചന്ദ്രമതി ദമ്പതികളുടെ അഞ്ചാമത്തെ മകനായി 1131 തുലാമാസത്തിൽ അനിഴം നക്ഷത്രത്തിലാണ് അനിരുദ്ധൻ തന്ത്രി ജനിച്ചത്. വൈദികത്തിലും താന്ത്രികത്തിലും ജ്യോതിഷത്തിലും പഠനത്തിനു ശേഷം കരിമ്പാടം ശ്രീവല്ലീശമംഗലം ക്ഷേത്രം, പുത്തൻവേലിക്കര, കുരുന്നിലാക്കൽ ഭഗവതിക്ഷേത്രം, ചെറായി ശ്രീഗൗരീശ്വരം ക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായി സേവനമനുഷ്ടിച്ചു. 1984 ൽ ചെറായി മാങ്കാവ് ഭഗവതി ക്ഷേത്ര പ്രതിഷ്ഠയ്‌ക്കു ശേഷം അമ്പതിലധികം ക്ഷേത്രങ്ങളുടെ താന്ത്രിക ചുമതലകൾ വഹിക്കുന്നു. 1987ൽ ശ്രീഗുരുദേവവൈദിക തന്ത്രവിദ്യാപീഠം സ്ഥാപിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് തന്ത്രശാസ്ത്രത്തിൽ പ്രാവീണ്യം നൽകി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ ശാന്തി നിയമന ലിസ്റ്റിൽ നാലാംസ്ഥാനം നേടിയ യദുകൃഷ്‌ണൻ, അനിരുദ്ധൻ തന്ത്രിയുടെ ശിക്ഷണത്തിലാണ് പഠിച്ചത്. ആലുവ തന്ത്രവിദ്യാപീഠം മുഖ്യാചാര്യൻ കല്പുഴ ദിവാകരൻ നമ്പൂതിരിപ്പാട് സ്മാരക ആചാര്യശ്രേഷ്ഠ പുരസ്കാരം, ഗുരുദേവസംഘമിത്ര ആചാര്യശ്രേഷ്‌ഠ പുരസ്‌കാരം, ഇടപ്പിള്ളി ശ്രീരാമകൃഷ്ണ‌ാശ്രമം കർമ്മശ്രേഷ്‌ഠ പുരസ്‌കാരം, അഖില കേരളജ്യോതിശാസ്ത്രമണ്ഡലം കർമ്മശ്രേഷ്‌ഠ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.