ആലുവ: ശിവരാത്രി വ്യാപാരമേളയും അമ്യുസ്മെന്റ് പാർക്ക് നടത്തിപ്പും കരാർ നൽകിയതിൽ ക്രമക്കേട് ആരോപിച്ച് നൽകിയ പരാതിയിൽ ആലുവ നഗരസഭയിൽ വിജിലൻസ് പരിശോധന. ചില രേഖകൾ പിടിച്ചെടുത്തു. അവശേഷിക്കുന്നവ ഈ മാസം 28നകം ഹാജരാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധന വൈകിട്ട് നാലര വരെ നീണ്ടുനിന്നു. അങ്കമാലി നഗരസഭ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ എറണാകുളത്ത് നിന്നുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്. തോട്ടക്കാട്ടുകര സ്വദേശി കെ.സി. സന്തോഷ് നൽകിയ പരാതിയിലാണ് അന്വേഷണം. 2024ൽ ശിവരാത്രി വ്യാപാരമേള കരാർ നൽകിയതിലും 10 ലക്ഷത്തിലേറെ രൂപ കുറച്ച് 2025ൽ കരാർ നൽകിയത് അഴിമതിയാണെന്നായിരുന്നു പരാതി.