nh-66-paravur-palam
പറവൂർ പാലത്തിന് സമീപം സർവീസ് റോഡിൽ യുടേൺ അനുവദിക്കാതെ അടച്ചുകെട്ടിയുള്ള ദേശീയപാത നിർമ്മാണം

പറവൂർ: ദേശീയപാത 66 നിർമ്മാണവുമായി ബന്ധപ്പെട്ട് ദേശീയപാത അധികൃതരും നിർമ്മാണ കമ്പനിയും നൽകിയ ഉറപ്പുകൾ ലംഘിക്കുന്നതായി പെരുമ്പടന്ന ജനകീയ സമരസമിതി. സർവീസ് റോഡിൽ പറവൂർ പാലത്തിന്റെ തെക്കുഭാഗത്ത് യുടേൺ അനുവദിക്കാതെ അടച്ച് കെട്ടുന്നുവെന്നാണ് ആക്ഷേപം. വാഹനങ്ങൾ ഇരുഭാഗത്തേക്കും തിരിഞ്ഞ് പോകുന്നതിന് നിർദ്ദിഷ്ട സ്ഥലത്ത് യുടേൺ അനുവദിക്കുമെന്ന് സ്ഥലം സന്ദർശനവേളയിൽ ദേശീയപാത പ്രൊജക്ട് ഡയറക്ടറും ഡെപ്യൂട്ടി കളക്ടറും നൽകിയ ഉറപ്പ് ലംഘിച്ചാണ് അടച്ച് കെട്ടാൻ തുടങ്ങിയത്.

ഇതോടെ പ്രദേശത്തെ വാഹനങ്ങൾക്കും സർവീസ് റോഡിലുടെ വരുന്ന ആറുവരി പാതയിലെ വാഹനങ്ങൾക്കും തിരിഞ്ഞ് പോകാനാകാത്ത സ്ഥിതിയുണ്ടാകും. പെരുമ്പടന്ന മേൽപ്പാലത്തിന്റെ അടിപ്പാതയിലൂടെ മാത്രമേ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കൂ. വലിയ വാഹനങ്ങൾ തിരിഞ്ഞ് പോകാൻ ഏറെ പ്രയാസപ്പെടും. ഇത് പെരുമ്പടന്നയിലും നഗരത്തിലും ഗതാഗതക്കുരുക്കിന് വഴിവയ്ക്കും.

പെരുമ്പടന്നയിലെ അശാസ്ത്രീയ നിർമ്മാണത്തെ സംബന്ധിച്ചുള്ള പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എൻജിനിയർമാരുടെ മേൽനോട്ടമില്ലാതെ പഴയ പ്ലാൻ ഉപയോഗിച്ച് ഉപകരാറുകാർ അശാസ്ത്രീയ നിർമ്മാണം തുടരുകയാണെന്ന് സമരസമിതി ആരോപിച്ചു. യുടേൺ അടച്ചു കെട്ടുന്ന നിർമ്മാണം തുടർന്നാൽ തടയാനാണ് സമരസമിതിയുടെ തീരുമാനം.