കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അഫ്‌സൽ രാജ് ചുമതല നിർവഹിക്കുന്നതിൽ ഗുരുതര വീഴ്ചവരുത്തിയതായി ആന്റണി ജോൺ എം.എൽ.എയുടെ വിമർശനം. ഗ്രാമപഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് എം.എൽ.എയുടെ പരാമർശം. ഇന്നലെയാണ് വികസന സദസ് നടത്തിയത്. ഉദ്ഘാടന പ്രസംഗത്തിനിടെ അഫ്‌സൽ രാജിന്റെ സാന്നിദ്ധ്യത്തിലാണ് എം.എൽ.എ അതൃപ്തി അറിയിച്ചത്. വീഴ്ചയെക്കുറിച്ച് വേണ്ട വിധത്തിൽ പിന്നീട് ബോദ്ധ്യപ്പെടുത്തുമെന്നും സെക്രട്ടറിയോടായി എം.എൽ.എ പറഞ്ഞു.
യു.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. വികസന സദസ് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻനായരും മറ്റ് യു.ഡി.എഫ് അംഗങ്ങളും ബഹിഷ്‌കരിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം എസ്. ശ്രീകല വികസന സദസിൽ അദ്ധ്യക്ഷത വഹിച്ചു. നിർമ്മല മോഹൻ, എ.എസ്. ബാലകൃഷ്ണൻ, എയ്ഞ്ചൽ മേരി ജോബി, ദിവ്യ സലി, അഫ്‌സൽ രാജ്, എ.ടി. രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.