കൊച്ചി: 15കിലോമീറ്ററിലേറെ വരുന്ന കണ്ടെയ്‌നർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുമ്പോഴും സർവീസ് റോഡുകൾ ഇല്ലാത്തതും സർവീസ് റോഡുള്ള ഭാഗത്ത് അവ തകർന്ന് കിടക്കുന്നതും ആയിരങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. മുളവുകാട് സ്വദേശികളാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ബോൾഗാട്ടി ജംഗ്ഷനിൽനിന്ന് മുളവുകാട് പൊലീസ് സ്റ്റേഷൻവരെ സർവീസ് റോഡുണ്ട്. ഇവിടെനിന്ന് മുളവുകാട് വടക്കേ അറ്റത്തേക്ക് സർവീസ് റോഡില്ല.

നേരത്തെ ഈ ഭാഗത്ത് സർവീസ് റോഡിനായി എസ്റ്റിമേറ്റ് തയ്യാറാക്കുമെന്നും സർവീസ് റോഡ് സജ്ജമാക്കുമെന്നും എൻ.എച്ച്.എ.ഐ ഉറപ്പ് നൽകിയിരുന്നു. മുളവുകാട് പഞ്ചായത്തിലെ രണ്ടുമുതൽ അഞ്ചുവരെ വാർഡുകളിലുള്ള ആയിരക്കണക്കിന് ജനങ്ങളാണ് സർവീസ് റോഡോ അണ്ടർപാസോ ഇല്ലാതെ ബുദ്ധിമുട്ടുന്നത്. ഇടക്കാലത്ത് അണ്ടർപാസ് നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും അതും നടപ്പായില്ല.

ഇതുമൂലം കിലോമീറ്ററുകൾ സഞ്ചരിച്ച് യൂടേൺ എടുക്കേണ്ട അവസ്ഥയാണ് മുളവുകാട് നിവാസികൾക്ക്. ഇതൊഴിവാക്കാൻ യുവാക്കൾ ഉൾപ്പടെ പലരും തെറ്റായ ദിശയിൽ വാഹനമോടിച്ച് കളമശേരി ഭാഗത്തക്ക് കയറുന്നതും ഇതുമൂലം അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്.

* ജനകീയ പ്രതിഷേധം

കണ്ടെയ്‌നർ റോഡിലെ മുളവുകാട് പൊന്നാരിമംഗലം ഭാഗത്ത് സർവീസ് റോഡ് നിർമ്മിക്കാത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം വൻ പ്രതിഷേധപരിപാടി സംഘടിപ്പിച്ചിരുന്നു. മുൻ മന്ത്രി എസ്. ശർമ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കരുതെന്നും എൻ.എച്ച്.എ.ഐ അധികൃതർ വാക്ക് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

* ₹ 129.5 കോടിയുടെ നവീകരണം

എറണാകുളം നഗരത്തിലേക്ക് അതിവേഗമെത്താൻ കളമശേരി, ആലുവ ഭാഗത്തെ യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കണ്ടെയ്‌നർ റോഡ് അന്താരാഷ്ട്ര നിലവാരത്തിന് സമാനമായാണ് നവീകരിക്കുന്നത്. റോഡിലെ പാലങ്ങളുടെ അടിയിലെ തൂണുകളിലാണ് നിർമ്മാണജോലികളും ടാറിംഗുകളും തെരുവുവിളക്ക് സ്ഥാപിക്കലുമെല്ലാം തകൃതിയായി പുരോഗമിക്കുന്നത്. റോഡിന്റെ ഇരുവശവും ഉയരം വർദ്ധിപ്പിക്കേണ്ടയിടങ്ങൾ ഉയരം വർദ്ധിപ്പിച്ച് ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് ടാറ് ചെയ്യുന്നത്. പലയിടങ്ങളിലും റോഡിന്റെ വീതിയും കൂട്ടുന്നുണ്ട്. 129.5 കോടിയുടെ നവീകരണമാണ് നടക്കുന്നത്.