കൊച്ചി: എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ച വിദേശ കലാകാരിയുടെ സൃഷ്ടികൾ കീറിയെറിഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തം. നോർവീജിയൻ ചിത്രകാരി ഹനാൻ ബെമാറിന്റെ കലാസൃഷ്ടിയാണ് ബുധനാഴ്ച രണ്ടംഗ സംഘം നശിപ്പിച്ചത്. ഇവയിൽ അസഭ്യവാക്കുകൾ ഉണ്ടെന്നാരോപിച്ചാണ് മലയാളി കലാകാരൻ ഹോചിമിൻ, കലാപ്രവർത്തകൻ സുധാംശു എന്നിവർ ബുധനാഴ്ച വൈകിട്ട് ആറിനു ശേഷം ആർട്ട് ഗാലറിയിലെത്തി ചിത്രങ്ങൾ നശിപ്പിക്കുകയായിരുന്നു.
കേരള ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. പൊലീസ് സംഘം ആർട്ട് ഗാലറിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.
ഡർബാർ ഹാളിൽ 'അന്യവൽകൃത ഭൂമിശാസ്ത്രങ്ങൾ" എന്ന പേരിൽ നടക്കുന്ന പ്രദർശനത്തിന്റെ ഭാഗമായായിരുന്നു ഹനാന്റെ ഇൻസ്റ്റലേഷൻ. ഇൻസ്റ്റലേഷനിൽ അശ്ലീല ഉള്ളടക്കമുണ്ടെന്നാരോപിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ നടന്ന ചർച്ചകളുടെ തുടർച്ചയായിരുന്നു ആക്രമണം.
ലളിതകലാ അക്കാഡമിയുടെയും ആർട്ട് ഗാലറിയുടെയും മികവാർന്ന പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ഒരു സംഘത്തിന്റെ ഗൂഢശ്രമങ്ങളുടെ ഭാഗമാണ് ആക്രമണമെന്ന് മുരളി ചീരോത്ത് കേരളകൗമുദിയോട് പറഞ്ഞു. ചെയർമാനോടോ മന്ത്രിയോടോ മുഖ്യമന്ത്രിയോടോ പരാതിപ്പെടാനുള്ള സംവിധാനം നിലനിൽമ്പോഴുള്ള ഇത്തരം ചെയ്തികൾ ഫാസിസ്റ്റ് രീതിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
സംഭവ ദിവസം തനിക്ക് ഉറങ്ങാൻ പോലുമായില്ലെന്നും കേരളത്തിൽ ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചില്ലെന്നും ഹനാൻ ബെമാറിൻ പറഞ്ഞു. തനിക്ക് നേരെ ഉണ്ടായ വിദേശ അധിക്ഷേപങ്ങൾ തർജമ ചെയ്ത് അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അത് തന്റെ പ്രതിഷേധത്തിന്റെ കൂടി ഭാഗമായിരുന്നുവെന്നും അതിനെ കലാസൃഷ്ടി എന്ന നിലയിൽ കാണാൻ പ്രതിഷേധിച്ചവർക്ക് ആയില്ലെന്നും ഹനാൻ കേരളകൗമുദിയോട് പറഞ്ഞു. നോർവേയിലെ തീവ്രവലതുപക്ഷ വിഭാഗത്തിൽ നിന്നു നേരിട്ട വിദ്വേഷപരമായ പ്രസ്താവനകൾ ചേർത്ത് 2021ൽ സിൽക്കിൽ ചെയ്ത 'ദ് നോർവീജിയൻ ആർട്ടിസ്റ്റിക് കാനൻ" എന്ന സൃഷ്ടിയാണ് പ്രതിഷേധത്തിനു കാരണമായത്.
കലാവിഷ്‌കാരങ്ങളോടുള്ള വിമർശനം ഇത്തരത്തിൽ തുടങ്ങിയാൽ നാം എവിടെ എത്തുമെന്നത് ആലോചിക്കണമെന്ന് സാഹിത്യകാരൻ അശോകൻ ചരുവിൽ ഫേസ്ബുക്കിൽ കുറിച്ചു. ചിത്രങ്ങൾ നശിപ്പിച്ചവരിൽ അറിയപ്പെടുന്ന ചിത്രകാരന്മാരും ഉണ്ട് എന്നത് കൂടുതൽ ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.