recovery
ഇന്ന് സർവീസ് അവസാനിപ്പിക്കുന്ന പൊലീസ് റിക്കവറി വാൻ

കൊച്ചി: അപകടമുഖങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തുന്ന ജില്ലയുടെ പൊലീസ് റിക്കവറി വാഹനത്തിന് ഇന്ന് ‘ലാസ്റ്റ് സല്യൂട്ട്’. 15 കൊല്ലം നീണ്ട സ്തുത്യർഹസേവനത്തിന് രാഷ്ട്രപതിയുടെ സന്ദർശനവേളയിൽ അഭിമാനാർഹമായ പരിസമാപ്തി. പ്രഥമപൗരന്റെ വരവിനോടനുബന്ധിച്ച് ഇന്നലെ രാത്രി മുതൽ കെ.എൽ 01 എ ഇസഡ് 6303 നമ്പറിലുള്ള റിക്കവറി വാഹനം കൊച്ചിയുടെ നിരത്തുകളിലുണ്ട്. ഇന്ന് രാത്രി 12 നാണ് സേവനം അവസാനിപ്പിച്ച് ഷെഡിലേക്ക് മടങ്ങുന്നത്, ഇനിയൊരു തിരിച്ചുവരവില്ലാതെ.

ഇതേ സീരിസിൽ 15 കൊല്ലം മുമ്പ് സർവീസ് തുടങ്ങിയ റിക്കവറി വാഹനങ്ങൾ ഇതിനകം കണ്ടംചെയ്ത് ചരിത്രത്തിന്റെ ഭാഗമായി. 6303 മാത്രമാണ് പിടിച്ചുനിന്നത്. സ്വന്തം ജില്ലയിൽ മാത്രമല്ല, അപകടമുണ്ടായാൽ പാലക്കാട് ജില്ലയിലും ഓടിയെത്തും. പാലക്കാട് ജില്ലയ്‌ക്ക് സ്വന്തം റിക്കവറി വാഹനമില്ല. ശബരിമല സീസൺ കാലത്ത് പത്തനംതിട്ടയിലും ആറ്റുകാൽ പൊങ്കാലയ്ക്ക് തിരുവനന്തപുരത്തുമാണ് ഡ്യൂട്ടി. നെന്മാറ വേലയ്‌ക്കും പുന്നമട കായലിലെ നെഹ്റു ട്രോഫി വള്ളംകളിക്കും സ്ഥിരമായി പോകാറുണ്ട്.

പൊലീസ് ജീപ്പുകൾ വഴിയിൽ പണിമുടക്കിയാലും കെട്ടിവലിക്കാൻ ആശ്രയം മറ്റാരുമല്ല. പൊലീസ് ഡ്രൈവർമാരായ സീനിയർ സി.പി.ഒ പി.പി. റെജിയും സി.പി.ഒ പ്രസാദുമാണ് സാരഥികൾ, ഹോംഗാർഡുകളായ സുനിൽകുമാറും കൃഷ്ണസ്വാമിയുമാണ് ഓപ്പറേറ്റർമാർ.