pic1

മട്ടാഞ്ചേരി: സ്‌കൂളിന്റെ അഭിമാനമായി മാറിയ കൊച്ചുകൂട്ടുകാർക്ക് പൊന്നാടയ്ക്കും മെമന്റോയ്ക്കും അപ്പുറം എക്കാലവും ഓർത്തിരിക്കാനുള്ള മറ്റൊരു സമ്മാനവുമൊരുക്കി സ്കൂൾ അധികൃതർ. മട്ടാഞ്ചേരി പനയപ്പള്ളി എം.എം.എൽ.പി സ്‌കൂളിൽ ഈ വർഷം എൽ.എസ്.എസ് നേടിയ അഞ്ച് വിദ്യാർഥികൾക്ക് സ്‌കൂൾ അധികൃതർ സമ്മാനമായി ഒരുക്കിയത് വിമാനയാത്രയാണ്. എ.എഫ് ആലിയ പർവീൺ, എം.ആർ ഇഫ്രത്ത് പർവീൺ, എ.ആയിഷ, പി.എസ് ഇശാൻ മുഹമ്മദ്, എ.ആർ മുഹമ്മദ് ഹുസൈഫ് അബ്ദുല്ല എന്നിവരാണ് എൽ.എസ്.എസ് നേടിയത്. ഇവർക്കുള്ള വിമാന ടിക്കറ്റിന്റെ മുഴുവൻ ചെലവും ഡിവിഷൻ കൗൺസിലർ കൂടിയായ എം.ഹബീബുള്ള ഏറ്റെടുത്തപ്പോൾ ഭക്ഷണം, ട്രെയിൻ ടിക്കറ്റ്, മറ്റ് ചിലവുകൾ എല്ലാം വഹിക്കുന്നത് സ്‌കൂൾ അധികൃതരാണ്.

കുട്ടികളെ 22 അദ്ധ്യാപകരും അനുഗമിക്കുന്നുണ്ട്. ഇവരുടെ ചിലവ് വഹിക്കുന്നത് അവർ തന്നെയാണ്. കൊച്ചിയിൽ നിന്ന് ഇന്നലെ വൈകിട്ട് ട്രെയിൻ മാർഗ്ഗം ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇവർ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം ഇന്ന് രാത്രി പത്തരയ്ക്കുള്ള വിമാനത്തിൽ തിരികെ കൊച്ചിയിലേക്ക് മടങ്ങും. വിമാന യാത്രയുടെ ആവേശത്തിലാണ് കുട്ടികൾ. വിമാന യാത്രയുടെ ഫ്‌ളാഗ് ഓഫ് കർമം മട്ടാഞ്ചേരി എ.ഇ.ഒ. എൻ.സുധ നിർവഹിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങ് കെ.ജെ മാക്‌സി എം.എൽ.എ.ഉദ്ഘാടനം ചെയ്തു. കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ കൗൺസിലർ ഹബീബുള്ള അദ്ധ്യക്ഷത വഹിച്ചു. ഗായകൻ അഫ്‌സൽ എൽ. എസ്. എസ് ജേതാക്കളുടെ രക്ഷിതാക്കളെ പൊന്നാട അണിയിച്ച് ആദരിച്ചു. എൻ.കെ.എം ഷരീഫ് കുട്ടികൾക്ക് ഗോൾഡ് മെഡൽ സമ്മാനിച്ചു. പ്രധാനാദ്ധ്യാപിക എ.സുമയ്യറഷീദ്, ഉസ്മാൻ സേട്ട്, കെ.ഷിബു, കെ.മമത, വി.എ.മുഹമ്മദ് അൻവർ എന്നിവർ സംസാരിച്ചു.