cpm

ആലുവ: സി.പി.ഐ വിട്ട ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീറും സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം എ.എ. സഹദും ഉൾപ്പെടെ വിവിധ പാർട്ടികൾ വിട്ടവർ സി.പി.എമ്മിൽ ചേർന്നു. ട്വന്റി20 പാർട്ടി ജില്ലാ കോ-ഓർഡിനേറ്ററായിരുന്ന മുൻ അസ്‌ലഫ് പാറേക്കാടൻ, കോൺഗ്രസ്, ഐ.എൻ.ടി.യു.സി പ്രവർത്തകരായ പി.എ. അബ്ദുൽഖാദർ, വി.കെ. ഇബ്രാഹിംകുട്ടി, എം.എം. അലികുഞ്ഞ്, കെ.എം. നാസർ, കെ.എ. മനാഫ്, വി.എം. മനാഫ്, എം.കെ. അബ്ദുൾ അസി എന്നിവരുമാണ് സി.പി.എമ്മിൽ ചേർന്നത്.

സി.പി.എം എടത്തല ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം ആലുവ ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിഅംഗം വി. സലിം പാർട്ടി പതാക നൽകി സ്വീകരിച്ചു.

ലോക്കൽ സെക്രട്ടറി എം.എം. കിള്ളർ അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.എം. സഹീർ, ടി.ആർ. അജിത്, വി. രമകുമാരി, പി. മോഹനൻ, കെ.എ. അലിയാർ, സുധീർ മീന്ത്രയ്ക്കൽ, സി.കെ. ലിജി, കെ. രവിക്കുട്ടൻ എന്നിവർ സംസാരിച്ചു. ത്രിതല തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കെ സി.പി.ഐ വിട്ടവരെ ആഘോഷപൂർവം സി.പി.എം സ്വീകരിക്കുന്നത് മുന്നണിയിൽ പ്രശ്നമാകുമെന്നതിനാൽ ചെറിയ സമ്മേളനമാണ് സംഘടിപ്പിച്ചത്.