കൊച്ചി: രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി എറണാകുളം നഗരത്തിൽ ഇന്ന് രാവിലെ മുതൽ ഗതാഗത നിയന്ത്രണവും ഡ്രോൺ നിരോധനവും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് ഗതാഗതനിയന്ത്രണം. നേവൽ ബേസ്, തേവര, എം.ജി.റോഡ്, ജോസ് ജംഗ്ഷൻ, ബി.ടി.എച്ച്, പാർക്ക് അവന്യു റോഡ്, മേനക, ഷൺമുഖം ഭാഗങ്ങളിൽ റോഡിനിരുവശവും പാർക്കിംഗ് അനുവദിക്കില്ല. കൊച്ചി സിറ്റി പരിധിയിൽ ഇന്ന് സമ്പൂർണ ഡ്രോൺ നിയന്ത്രണം ഏർപ്പെടുത്തി.
ഗതാഗത ക്രമീകരണം:
* ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്ന് ഹൈക്കോടതി, കണ്ടെയ്‌നർ റോഡ്, ഇടപ്പള്ളി ഭാഗത്തേക്കുള്ള വാഹനങ്ങൾ തോപ്പുപടി ബി.ഒ.ടി പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് അലക്‌സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ ജംഗ്ഷനിലെത്തണം. തുടർന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് വൈറ്റില, കടവന്ത്ര ജംഗ്ഷനുകൾ വഴി കലൂർ-കതൃക്കടവ് (കെ.കെ. റോഡ്) റോഡിലൂടെ കലൂർ ജംഗ്ഷനിലും തുടർന്ന് കച്ചേരിപ്പടി വഴി ഹൈക്കോർട്ട് ജംഗ്ഷനിലെത്തി കണ്ടെയ്‌നർ റോഡ് ഭാഗത്തേക്കും പോകണം. ഫോർട്ടുകൊച്ചി - വൈപ്പിൻ ജങ്കാർ സർവീസ് ഉപയോഗിച്ചും കണ്ടെയ്നർ റോഡിലെത്താം.
* തേവര ഫെറി ഭാഗത്തു നിന്ന് കലൂർ, ഇടപ്പള്ളി ഭാഗത്തേക്കുള്ള ചെറു വാഹനങ്ങൾ പണ്ഡിറ്റ് കറുപ്പൻ റോഡിലൂടെ മട്ടമ്മൽ ജംഗ്ഷൻ തിരിഞ്ഞ് പനമ്പിള്ളി നഗർ വഴി പനമ്പിള്ളി നഗർ ജംഗ്ഷനിലെത്തി കടവന്ത്ര-കലൂർ റോഡിൽ പ്രവേശിച്ച് കലൂർ ജംഗഷനിലെത്തി പോകണം.
* വൈപ്പിൻ ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കലൂർ ജംഗ്ഷനിലെത്തണം. തുടർന്ന് കതൃക്കടവ് - കലൂർ റോഡിലൂടെ കടവന്ത്ര ജംഗ്ഷനിലെത്തി സഹോദരൻ അയ്യപ്പൻ റോഡിലൂടെ വൈറ്റിലയിൽ പ്രവേശിച്ച് കുണ്ടന്നൂർ ജംഗ്ഷനിൽ കുണ്ടന്നൂർ പാലം വഴി തോപ്പുംപടി ഭാഗത്തേക്ക് പോകണം. ഫോർട്ടുകൊച്ചി - വൈപ്പിൻ ജങ്കാർ സർവീസും ഉപയോഗിക്കാം.