കൊച്ചി: മദ്യലഹരിയിൽ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറെ മർദ്ദിച്ച വളയൻചിറങ്ങര സ്വദേശി ജിസാർ മുഹമ്മദിനെ (37) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യ ലഹരിയിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് രാത്രി പെരുമ്പാവൂരിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. കുത്തിവയ്‌പ് എടുക്കുന്നതിനിടെ അക്രമാസക്തനായ ഇയാൾ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്ടറുടെ തലയ്‌ക്ക് ഇടിച്ച് പരിക്കേൽപ്പിച്ചു. തടയാനെത്തിയ സെക്യുരിറ്റി ജീവനക്കാരനെയും മർദ്ദിച്ചു. പൊലീസ് ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ജീപ്പിൽ കയറ്റുമ്പോഴും ബഹളമുണ്ടാക്കി. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.