കൊച്ചി: പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രമൈതാനിയോട് ചേർന്ന് തുറന്ന കോൺഗ്രസ് ഓഫീസിലെ പൊതുയോഗങ്ങൾ ക്ഷേത്രഭൂമി കൈയ്യേറി നടത്തുന്നതിനെതിരെ ഡി.ജി.പിക്ക് പരാതി. ക്ഷേത്രഭൂമിയിൽ രാഷ്ട്രീയപ്രവർത്തനം നിരോധിച്ച ഹൈക്കോടതി വിധി ലംഘിച്ചതിനെതിരെയാണ് അഴകിയകാവ് ക്ഷേത്രഭൂമി സംരക്ഷണസമിതി സെക്രട്ടറി പി.സി. ഉണ്ണിക്കൃഷ്ണൻ ചിത്രങ്ങൾ സഹിതം പരാതി നൽകിയത്. സ്ഥലം കൗൺസിലർ സോണി ഫ്രാൻസിസ് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കഴിഞ്ഞദിവസംക്ഷേത്രഭൂമി കിളച്ചുമറിച്ചത് ദേവസ്വത്തിന്റെ അനുമതിയില്ലാതെയാണെന്നും നടപടി വേണമെന്നും ഡി.ജി.പിക്ക് തന്നെ മറ്റൊരു പരാതിയിൽ ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ഷേത്രം വേലവെളിപ്പറമ്പിനോട് ചേർന്നുള്ള മുൻ കോർപ്പറേഷൻ കൗൺസിലർ ആർ.ത്യാഗരാജന്റെ പഴയ വീടാണ് ഏതാനും മാസം മുമ്പ് കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി ഓഫീസാക്കി ആർ.ത്യാഗരാജൻ ഭവൻ എന്ന് പേരിട്ടത്. ഈ വീടിന്റെ മുൻഭാഗം ക്ഷേത്രഭൂമി കൈയ്യേറി നിർമ്മിച്ചതാണ്. ത്യാഗരാജന്റെ മരണശേഷം അദ്ദേഹത്തിന്റെ മകളുടെ ഭർത്താവ് സയ്യിദ് ഹുസൈനുദ്ദീനാണ് വീട് കോൺഗ്രസ് ഓഫീസാക്കിയതെന്നും ഇപ്പോൾ സന്ധ്യയ്ക്ക് ശേഷം പാർട്ടി യോഗങ്ങൾ ക്ഷേത്രപ്പറമ്പിലാണ് നടത്തുന്നതെന്നും പരാതിയിൽ പറയുന്നു. ഹൈക്കോടതിയും പൊലീസും വിലക്കിയിട്ടും ഹുസൈനുദ്ദീന്റെ ഉൾപ്പടെ നിരവധി കാറുകളും കോൺഗ്രസ് ഓഫീസിന് മുന്നിൽ പാർക്ക് ചെയ്യുന്നുണ്ട്. ഇവിടെ അനധികൃത പാർക്കിംഗിനെതിരെ പള്ളുരുത്തി പൊലീസ് കേസുകളുമെടുത്തിട്ടുണ്ട്. ക്ഷേത്രം സർക്കാർ ഭൂമിയിലാണെന്നും ഇവിടെ ചുറ്റുമതിൽ കെട്ടാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ഹുസൈനുദ്ദീൻ വ്യാജപേരിലും ചുറ്റുമതിൽ കെട്ടുന്നതിനെതിരെ സോണി ഫ്രാൻസിസും ഹൈക്കോടതിയിൽ ഹർജികൾ നൽകിയിട്ടുണ്ടെന്ന് പരാതികളിൽ പറയുന്നു.