ആലുവ: മുപ്പത്തടം മുതുകാട് ഹൈസ്കൂൾ റോഡിൽ സ്കൂട്ടറിലെത്തി കാൽനട യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമം. മുപ്പത്തടം അന്തോളിൽ പ്രദീഷിന്റെ ഭാര്യ ദിവ്യയുടെ മൂന്ന് പവൻ തൂക്കമുള്ള മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്.

ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. യുവതിയുടെ പിന്നാലെ സ്കൂട്ടറിലെത്തിയ മോഷ്ടാവ് മാല പിടിച്ചു പറിക്കാൻ ശ്രമിക്കുകയായിരുന്നു. ആദ്യശ്രമത്തിൽ മാല പൊട്ടിയെങ്കിലും മോഷ്ടാവിന്റെ കൈയിലായില്ല. വീണ്ടും ശ്രമിക്കുന്നതിനിടെ യുവതിയുടെ നിലവിളി കേട്ട് സമീപത്തെ വീടുകളിൽ നിന്ന് ആളുകൾ ഓടിയെത്തിയതോടെ മോഷ്ടാവ് മുതുകാട് ഭാഗത്തേക്ക് കടന്നുകളഞ്ഞു. ഹെൽമറ്റും കൂളിംഗ് ഗ്ലാസും റെയിൻകോട്ടും ധരിച്ച് നീല സ്കൂട്ടറിലാണ് മോഷ്ടാവെത്തിയത്. സമീപത്തെ വീട്ടിലെ സി.സി ടി.വിയിൽ മോഷണ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ബിനാനിപുരം പൊലിസ് അന്വേഷണം ആരംഭിച്ചു.