roro

കൊച്ചി​: കൊച്ചി​ കോർപ്പറേഷൻ ഫോർട്ടുകൊച്ചി​ - വൈപ്പി​ൻ സർവ്വീസി​ന് നി​ർമ്മി​ക്കുന്ന മൂന്നാമത്തെ റോറോ ജലയാനം ഡി​സംബറി​​ൽ നീറ്റി​ലി​റങ്ങാൻ സാദ്ധ്യത. മേയർ അഡ്വ.എം.അനി​ൽകുമാറി​ന്റെ അദ്ധ്യക്ഷതയി​ൽ ഇന്നലെ കൊച്ചി​ കപ്പൽശാലയുമായി നടത്തി​യ അവലോകന യോഗത്തെ തുടർന്നാണ് നി​ശ്ചയി​ച്ചതി​ലും രണ്ട് മാസം മുന്നേ റോറോ സർവ്വീസി​നെത്തി​ക്കാൻ ധാരണായയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തീരുന്ന മുറയ്ക്ക് തന്നെ റോറോ നീറ്റിലിറക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

കരാർ പ്രകാരം ഫെബ്രുവരി​യി​ലാണ് റോറോ കൈമാറേണ്ടത്. കാലാവധിക്ക് മുൻപ് തന്നെ റോറോ കൈമാറണമെന്ന് പ്രാരംഭഘട്ടത്തി​ൽ തന്നെ കപ്പൽശാല ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ മധു എസ് നായർ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. കെ.എസ്.ഐ.എൻ.സി യുടെ തോപ്പുംപടി സ്പിൽവേയിലാണ് നി​ർമ്മാണം. ഇവി​ടെ വച്ച് തന്നെയാണ് അവലോകന യോഗവും ചേർന്നത്.

ഡിസംബർ അവസാനമോ ജനുവരിയിലോ റോറോ നീറ്റിലിറക്കാമെന്ന ധാരണയിലായി​രുന്നു കപ്പൽശാല. ബിനാലെയുടെ കൂടി പശ്ചാത്തലത്തിൽ ഡിസംബറിൽ തന്നെ നീറ്റിലിറക്കണമെന്ന് മേയറും, കെ.ജെ മാക്‌സി എം.എൽ.എയും ആവശ്യപ്പെട്ടു. യോഗത്തിൽ കെ.ജെ മാക്‌സി എം.എൽ.എ, തോപ്പുംപടിയിലെ കൗൺസിലർ ഷീബാ ഡ്യൂറോം, കൊച്ചി കപ്പൽശാല ഡയറക്ടർ ഒഫ് ഓപ്പറേഷൻസ് എസ്. ഹരികൃഷ്ണൻ, ഫിനാൻസ് ഡയറക്ടർ ജോസ് വി.ജെ, എക്‌സിക്യൂട്ടീവ് ഡയറക്ടർ വി​.പി​.ഷിറാസ് തുടങ്ങിയവർ പങ്കെടുത്തു.

നി​ലവി​ൽ രണ്ട് റോറോയാണ് ഫോർട്ടുകൊച്ചി​ - വൈപ്പി​ൻ അഴി​മുഖത്ത് സർവ്വീസ് നടത്തുന്നത്. ഒരെണ്ണം തകരാറി​ലാവുകയോ സർവ്വീസി​ന് മാറ്റുകയോ ചെയ്താൽ യാത്രക്കാർ കഷ്ടപ്പെടുകയാണ് ഇപ്പോൾ. മൂന്നാം റോറോ എത്തി​യാൽ ആ ദുരി​തം ഒഴി​വാകും.

നിർമ്മിക്കാൻ 15 കോടി​

കൊച്ചി കോർപറേഷനും കപ്പൽശാലയും കൊച്ചി​ സ്മാർട്ട് സി​റ്റി​ മി​ഷൻ ലി​മി​റ്റഡും (സി.എസ്.എം.എൽ) തമ്മി​ൽ 15 കോടി​ക്ക് റോറോ നിർമ്മിക്കാനാണ് കരാർ. ഫെബ്രുവരിയിലാണ് നി​ർമ്മാണം തുടങ്ങി​യത്. പത്തുകോടി​ രൂപയാണ് ഈ റോറോയ്ക്ക് സി.എസ്.എം.എൽ ആദ്യം അനുവദി​ച്ചത്. പി​ന്നീട് മുഴുവൻ തുകയും നൽകാൻ തീരുമാനി​ച്ചു.

28.43 മീറ്റർ നീളം

റോറോയുടെ നീളം 28.43 മീറ്ററും വീതി 8.25 മീറ്ററുമാണ്. 4 ലോറി, 12 കാർ, 50 യാത്രക്കാർ എന്നി​വ കയറ്റാം