photo

വൈപ്പിൻ : നായരമ്പലം ഗ്രാമപഞ്ചായത്ത് ഓഫീസ് വളപ്പിൽ മുൻ പ്രസിഡന്റിന്റെ പ്രതിമ സ്ഥാപിച്ചപ്പോൾ അനാവരണ ചടങ്ങ് നടത്തിയതിന് പണം പിരിച്ചതിനെച്ചൊല്ലി വിവാദം. ഏപ്രിൽ എഴിന് പ്രതിമ ഹൈബി ഈഡൻ എം.പി അനാവരണം ചെയ്തു. എം.പി. പങ്കെടുക്കുന്ന ഇത്തരം ചടങ്ങുകൾക്ക് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 75000 രൂപ വരെ ചെലവാക്കാൻ സർക്കാർ അനുവാദം ഉണ്ടായിട്ടും 22490 രൂപ മാത്രമെ പഞ്ചായത്ത് ഫണ്ടിൽ നിന്ന് ചെലവാക്കിയുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് നീതു വിനോദ്, വൈസ് പ്രസിഡന്റ് ജോബി വർഗീസ് എന്നിവർ പറഞ്ഞു.
ചെറിയാൻ നരികുളത്തിന്റെ കുടുംബത്തിൽ നിന്ന് 20,000 രൂപ ലഭിച്ചു. സഹകരണ ബാങ്കിൽ നിന്ന് സംഭാവന തേടി പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ അപേക്ഷ നൽകി. ബാങ്ക് 10,000 രൂപ അനുവദിച്ചു. പഞ്ചായത്തിനുവേണ്ടി ഡ്രൈവർ കം ഒ.എ.ആണ് ബാങ്കിൽ നിന്ന് പണം വാങ്ങിയത്. ബാങ്കിലേക്ക് അപേക്ഷ നൽകിയതും വാങ്ങിയ പണത്തിന് രസീത് നൽകിയതും പഞ്ചായത്ത് പ്രസിഡന്റിന്റെ ലൈറ്റർ പാഡിലാണ്.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പ്രതിമ അനാവരണത്തിന് പഞ്ചായത്തിലേക്ക് പണമൊന്നും വന്നിട്ടില്ലെന്നും പഞ്ചായത്ത് ഇക്കാര്യത്തിന് രശീതി അടിച്ചിട്ടില്ലെന്നും സംഭാവന പിരിക്കാൻ ഭരണസമിതി തീരുമാനമില്ലെന്നും പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടിയിൽ വ്യക്തമാക്കി. ഇതോടെയാണ് ഇക്കാര്യത്തിൽ അഴിമതി ആരോപിച്ച് ഇടത് മുന്നണി രംഗത്ത് വന്നത് . ബാങ്കിന് നൽകിയ രസീതിയിൽ പഞ്ചായത്തിന്റെ സീലുണ്ടെന്നും പ്രസിഡന്റ് ഒപ്പിട്ടിട്ടുണ്ടെന്നും പഞ്ചായത്ത് കണക്കിൽ വരവ് ഇല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

മൂന്നു ലക്ഷത്തിന്റെ വെങ്കല പ്രതിമ
16 വർഷം പഞ്ചായത്ത് പ്രസിഡന്റും 10 വർഷം നായരമ്പലം സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന ചെറിയാൻ നരികുളത്തിന്റെ വെങ്കല പ്രതിമയാണ് പഞ്ചായത്ത് സ്ഥാപിച്ചത്. കോൺഗ്രസ് ഭരണത്തിലുള്ള നായരമ്പലം പഞ്ചായത്തിന്റെ 2024 ജനുവരി 24 ൽ കൂടിയ ഭരണസമിതി യോഗമാണ് പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്. പഞ്ചായത്ത് ഫണ്ടിൽ നിന്ന് 3 ലക്ഷം രൂപ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചു. ജില്ലാ പ്ലാനിംഗ് കമ്മിഷന്റെ അംഗീകാരവും നേടി. ഈ ഫണ്ട് ഉപയോഗിച്ച് വെങ്കല പ്രതിമയും നിർമ്മിച്ചു.

ഇടതു മുന്നണി സമരം
വ്യാജരസീതി വഴി പണം പിരിച്ചതിനെതിരെ ഇടതുപക്ഷ മുന്നണി പ്രവർത്തകർ ഇന്നലെ ഓഫീസിനു മുന്നിൽ സമരം നടത്തി. സി.പി.എം.ഏരിയ സെക്രട്ടറി എ. പി. പ്രീനിൽ, ലോക്കൽ സെക്രട്ടറി കെ.കെ.ബാബു സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.ഒ.ആന്റണി,, ഗ്രാമപഞ്ചായത്ത് അംഗം എൻ.കെ.ബിന്ദു, സേവി താന്നിപ്പിള്ളി (കേരള കോൺഗ്രസ് എം.), എൻ.,എ. ജെയിൻ (സി.പി.ഐ എം.എൽ.), എ.ആർ.രാജൻ(എൻ. സി. പി),ശ്യാംലാൽ (കോൺഗ്രസ് എസ്.) എന്നിവർ പ്രസംഗിച്ചു.