
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്ന കച്ചേരിത്താഴത്തെ ഇരട്ടപ്പാലങ്ങളിലെ കുഴികൾ 'കോൾഡ് മിക്‌സ്' ഉപയോഗിച്ച് അടച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ തീരുമാനമായി.
ഒറ്റയാൾ സമരനായകൻ എം.ജെ. ഷാജിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ താലൂക്ക് ലീഗൽ സർവീസ് അതോറിട്ടിയിലാണ് തീരുമാനമെടുത്തത്. അഡ്വ. ഒ.വി. അനീഷ് മുഖേന പൊതുപ്രവർത്തകനും ഓട്ടോ തൊഴിലാളിയുമായ വാഴപ്പള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജി നൽകിയ പരാതിയിൽൽ, കെ.ആർ.എഫ്.ബി എക്‌സിക്യുട്ടീവ് എൻജിനിയർ ജയരാജ്, അസി. എൻജിനിയർ നിമ്‌ന, കരാറുകാരൻ ഉനൈയിസ് എന്നിവരെ വിളിച്ചുവരുത്തിയാണ് താലൂക്ക് ലീഗൽ സർവീസ് അതോറിട്ടിയിൽ തീരുമാനമായത്.
കഴിഞ്ഞ രണ്ടാഴ്ച അനുകൂലമായിരുന്നിട്ടും ഒരു പണിയും ചെയ്യാതെയിരുന്ന നിർമ്മാണ രീതിയെ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയിൽ വിമർശനം ഉയർന്നു. നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് നിലവിൽ കാരണം കച്ചേരിത്താഴം പാലത്തിലെ വലിയ കുഴികളാണെന്നും ഇത് വലിയ പ്രതിഷേധത്തിന് ഇടനൽകുന്നുണ്ടെന്നും വിലയിരുത്തി. കഴിഞ്ഞ ദിവസം എം.ജെ. ഷാജി പാലത്തിന്റെ കൈവരിയിൽ കയറിനിന്ന് പ്രതിഷേധിച്ചിരുന്നു.